ഇടുക്കി അണക്കെട്ടിൽ സവാരിക്ക് ഒരു ബോട്ട് മാത്രം
text_fieldsഇടുക്കി ഡാമിലെ വനം വകുപ്പിന്റെ ബോട്ട്
ചെറുതോണി: ഇടുക്കി അണക്കെട്ടിൽ ബോട്ട് സവാരിക്കായി എത്തുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരുമ്പോഴും ആകെ ഉള്ളത് ഒരു ബോട്ട് മാത്രം. ഇതു മൂലം സഞ്ചാരികൾക്ക് മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട സാഹചര്യമാണ്. വനം വകുപ്പിന്റേതാണ് ബോട്ടുസവാരി. വനം വകുപ്പിന്റെ എതിർപ്പുമുലം ഹൈഡൽ ടൂറിസം വകുപ്പ് ബോട്ടുസവാരി മൂന്നു വർഷം മുമ്പ് നിർത്തിയിരുന്നു. ഇപ്പോൾ വനം വകുപ്പ് മാത്രമാണ് വിനോദ സഞ്ചാരികൾക്കായി ബോട്ട് സർവിസ് നടത്തുന്നത്. ഈസ്റ്റർ-വിഷു ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവ് ക്രമാതീതമായി വർധിച്ചിരുന്നു.
ഇടുക്കി അണക്കെട്ട് സന്ദർശിക്കുന്നതിനും ബോട്ടിങ്ങിനും ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തിയത്. മുതിർന്നവർക്ക് 145 രൂപയും കുട്ടികൾക്ക് 85 രൂപയാണ് ചാർജ്. പരമാവധി ഒരു ട്രിപ്പിൽ 20 പേർക്ക് സഞ്ചരിക്കാൻ അര മണിക്കൂറാണ് സമയം. മധ്യവേനൽ അവധിയും വിഷു ഈസ്റ്റർ റമദാൻ ആഘോഷങ്ങളുടെ ഭാഗമായും ജില്ലയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായത്. ഇടുക്കി അണക്കെട്ട് സന്ദർശനത്തിനും ബോട്ടിങ്ങിനുമായി ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തിയത്.
എന്നാൽ, നിലവിൽ ആവശ്യത്തിന് ബോട്ടില്ലാത്തതിനാൽ വിനോദ സഞ്ചാരികൾ നിരാശരായി മടങ്ങാറുണ്ട് . അതെ സമയം കൂടുതൽ ബോട്ടുകൾ ഇവിടേക്ക് എത്തിക്കുന്നതിനുള്ള നടപടികളും വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. രാവിലെ ഒമ്പതിനാരംഭിക്കുന്ന ബോട്ട് സർവിസ് വൈകീട്ട് അഞ്ചിനാണ് അവസാനിക്കുന്നത്.