രണ്ടുവയസ്സുകാരിയെയും ഭാര്യാമാതാവിനെയും യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി
text_fieldsസന്തോഷ്
ചെറുതോണി: ഭാര്യാമാതാവിനെയും ഭാര്യാസഹോദരന്റെ കുഞ്ഞിനെയും പെട്രോൾ ഒഴിച്ചു തീ കൊളുത്തിയശേഷം പ്രതി ഓടി മറഞ്ഞു. പൈനാവ് 56 കോളനിയിൽ താമസിക്കുന്ന കൊച്ചുമലയിൽ അന്നക്കുട്ടി (62), അന്നക്കുട്ടിയുടെ മകൻ ലിൻസിന്റെ രണ്ടര വയസ്സുള്ള മകൾ ലിയ എന്നിവരുടെ ദേഹത്താണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് തീ കൊളുത്തിയത്. വൈകീട്ട് 3.30നായിരുന്നു സംഭവം. പൊള്ളലേറ്റ രണ്ടുപേരുടെയും നില ഗുരുതരമല്ല.
പെട്രോളും ലൈറ്ററും കൈയിൽ കരുതിയാണ് സന്തോഷ് വീട്ടിലെത്തിയത്. അന്നക്കുട്ടി പേരക്കുട്ടി ലിയയെ എടുത്തിരിക്കുകയായിരുന്നു. ആദ്യം കുഞ്ഞിന്റെ ദേഹത്താണ് പെട്രോൾ ഒഴിച്ചത്. തടയാൻ ശ്രമിച്ചപ്പോൾ അന്നക്കുട്ടിയുടെ ദേഹത്തും പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.
വീട്ടിനുള്ളിലായിരുന്ന അന്നക്കുട്ടി പുറത്തുചാടി ബഹളം വെച്ചപ്പോൾ അയൽവാസികൾ തീകെടുത്തി ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇതിനിടയിലാണ് പ്രതി ഓടി മറഞ്ഞത്. ആദ്യവിവാഹത്തിലെ കുട്ടിയെ സഹോദരൻ സുഗതന്റെ വീട്ടിലാക്കിയശേഷം ഫോൺ ഉപേക്ഷിച്ച് സന്തോഷ് ഒളിവിൽ പോകുകയും ചെയ്തു.
സന്തോഷിന്റെ ഭാര്യ പ്രിൻസി ഇറ്റലിയിൽ നഴ്സാണ്. പ്രിൻസിയെ തിരിച്ചുവിളിക്കണമെന്നും ഭാര്യയുടെ ശമ്പളം തനിക്ക് നൽകണമെന്നും ആവശ്യപ്പെട്ടാണ് സന്തോഷ് പ്രകോപിതനായതത്രെ. വിവരമറിഞ്ഞെത്തിയ അന്നക്കുട്ടിയുടെ ബന്ധുക്കൾ കാറിൽ ചെറുതോണിയിലെത്തി സന്തോഷിന്റെ സഹോദരൻ സുഗതനും ജോഷി എന്നയാളും പങ്കാളിത്തത്തോടെ നടത്തുന്ന അമ്പാടി ഹോട്ടൽ അടിച്ചുതകർത്തു. ഹോട്ടലിന്റെ മുന്നിലെ ഗ്ലാസും പാകം ചെയ്ത് െവച്ചിരുന്ന ആഹാരസാധനങ്ങളും ഹോട്ടൽ ഉപകരണങ്ങളും തകർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

