ചെറുതോണി: അധ്യാപകനെഴുതിയ പുസ്തകത്തിന് അവതാരികയെഴുതി ജന്മനാ ഇരുകാലുകളും കൈകളും പൂർണാവസ്ഥയിലെത്താത്ത ശിഷ്യയുടെ ഗുരുദക്ഷിണ. ഇടുക്കിയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരനായ സുഭാഷ് ചന്ദ്രൻ തയാറാക്കിയ ചരിത്രപുസ്തകത്തിനാണ് ബൈസൺവാലി മുട്ടുകാട് കുറ്റിയാനിക്കൽ കെ.ആർ. ബിന്ദു അവതാരികയെഴുതിയത്. നല്ല വടിവൊത്ത അക്ഷരത്തിൽ എഴുതാനുള്ള കഴിവും ആഴത്തിലുള്ള വായനയും ഈ 47കാരിയെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തയാക്കുന്നു. ബിന്ദുവിന്റെ ഈ പോരാട്ട ജീവിതമാണ് സുഭാഷ് ചന്ദ്രന് അവരെകൊണ്ട് അവതാരിക എഴുതിക്കാൻ പ്രേരിപ്പിച്ചത്. വർഷങ്ങൾക്കുമുമ്പ് ബൈസൺവാലിയിൽ പാരലൽ കോളജ് അധ്യാപകനായിരുന്നു സുഭാഷ്. അന്ന് ബിന്ദുവിനെ പഠിപ്പിച്ചിട്ടുണ്ട്. പരിമിതികളിലും ബിന്ദുവിന്റെ കഴിവുകൾ നേരിട്ടറിയാവുന്ന സുഭാഷ് ചന്ദ്രൻ സുഹൃത്തും എഴുത്തുകാരനുമായ സത്യൻ കോനാട്ടിനൊപ്പമാണ് ബിന്ദുവിനെ സമീപിച്ച് കൈയെഴുത്തുപ്രതി അവതാരിക എഴുതാൻ നൽകിയത്. സുഭാഷിന്റെ ആദ്യ പുസ്തകമായ 'ഇടമലക്കുടി'ക്ക് അവതാരിക എഴുതിയത് മന്ത്രി കെ. രാധാകൃഷ്ണനാണ്. ബൈസൻവാലി പഞ്ചായത്തിലെ മുട്ടുകാട്ടിൽ വീട്ടിൽത്തന്നെ ചെറിയൊരു ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തിയാണ് ബിന്ദുവിന്റെ ഉപജീവനം. അമ്മ രുഗ്മിണിയാണ് കൂട്ട്. 30 വർഷം മുമ്പ് അമ്മയെയും അഞ്ച് പെൺമക്കളെയുമുപേക്ഷിച്ച് പടിയിറങ്ങിപ്പോയ അച്ഛൻ പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. മുത്ത മകളാണ് ബിന്ദു. ഇളയ നാല് പെൺമക്കളെയും വിവാഹം ചെയ്തയച്ചു. ബിന്ദു നാലുവരെ പഠിച്ചത് മുട്ടുകാട് വേണാട് സ്കൂളിലായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസിലും. അവിടത്തെ കോൺവെന്റിലെ സിസ്റ്റർമാരാണ് പഠിപ്പിച്ചത്.
ആകെയുള്ള സമ്പാദ്യം 10 സെന്റ് സ്ഥലവും ആശ്രയ പദ്ധതിയിലൂടെ കിട്ടിയ വീടുമാണ്. ചിലപ്പോഴൊക്കെ അമ്മ തൊഴിലുറപ്പിന് പോകും. നാട്ടുകാരും സഹായത്തിനെത്താറുണ്ട്. ബിന്ദുവിന്റെ കഥ കേട്ട ഒരു വിദേശ മലയാളി സംഭാവന ചെയ്തതാണ് ഫോട്ടോസ്റ്റാറ്റ് മെഷീൻ. മുട്ടിലിഴഞ്ഞാണ് നടപ്പ്.
തന്നെ പഠിപ്പിച്ച അധ്യാപകന്റെ പുസ്തകത്തിന് അവതാരികയെഴുതാൻ അവസരം കിട്ടിയതിന്റെ സന്തോഷം ബിന്ദുവിന് ചെറുതല്ല. വീട്ടിലെ നാലു ചുവരുകൾക്കുള്ളിൽ മാത്രം കഴിയുന്ന തനിക്ക് ഇത്തരം മുഹൂർത്തങ്ങൾ സമ്മാനിക്കുന്നതിൽ എല്ലാവർക്കും നന്ദിയുണ്ടെന്നും ബിന്ദു ചെറുപുഞ്ചിരിയോടെ പറയുന്നു.