കോവിഡ് പോയിട്ടും ബസ് തിരികെ വന്നില്ല
text_fieldsചെറുതോണി: മുരിക്കാശ്ശേരി-തോപ്രാംകുടി-തങ്കമണി ബസ് സർവിസ് നിലച്ചത് യാത്രക്കാരെ വലക്കുന്നു. ഒരു ഡസനോളം കുടിയേറ്റ ഗ്രാമങ്ങളെ കോർത്തിണക്കിയായിരുന്നു സർവിസ്. കോവിഡ് വന്നതോടെ ഇതുവഴിയുള്ള ബസ് നാമമാത്രമായി. നാട്ടുകാരുടെ ആശ്രയം ഓട്ടോകളും ട്രിപ്പ് ജീപ്പുകളുമാണ്. അത്യാവശ്യ സന്ദർഭങ്ങളിൽ വാഹനം കാത്തുനിന്നാൽ ലഭിക്കുകയുമില്ല.
വിദ്യാർഥികളുടെ കാര്യമാണ് ഏറെ കഷ്ടം. മുരിക്കാശ്ശേരി, തോപ്രാംകുടി, തങ്കമണി എന്നിവിടങ്ങളിലെ സ്കൂളുകളിലേക്ക് പോകുന്ന കുട്ടികൾ രാവിലെയും വൈകീട്ടും കിലോമീറ്ററുകൾ നടക്കേണ്ടി വരുന്നു. നാട്ടുകാരുടെ നിരന്തര പരാതിയെത്തുടർന്ന് ഒരു ബസ് ഇതുവഴി സർവിസ് നടത്തുന്നുണ്ട്. രാവിലെ എട്ടിന് തങ്കമണിയിലെത്തുന്ന ഈ ബസ് പോയിക്കഴിഞ്ഞാൽ പിന്നെ വൈകീട്ട് മാത്രമാണ് ബസുള്ളത്. ഇതു കഴിഞ്ഞാൽ ഉൾപ്രദേശത്ത് എത്തിപ്പെടാൻ ചെറുതോണിവഴി നടന്ന് പാണ്ടിപ്പാറകൂടി തങ്കമണിയിലെത്തണം. അല്ലെങ്കിൽ തോപ്രാംകുടിയിൽനിന്ന് ഇരട്ടയാർവഴി ചുറ്റിക്കറങ്ങി തങ്കമണിയിലെത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ കാമാക്ഷി, വാത്തിക്കുടി പഞ്ചായത്ത് ഓഫിസുകൾ, മുരിക്കാശ്ശേരി ആശുപത്രി, വില്ലേജ് ഓഫിസ്, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് പോകാനും ജനം ബുദ്ധിമുട്ടുന്നു. യാത്രക്ലേശം പരിഹരിക്കാൻ കെ.എസ്ആർ.ടി.സി സർവിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.

