അഴകൊഴുകും നാട് സുന്ദരിമേട്
text_fieldsസുന്ദരിമേട്
ചെറുതോണി: പേരുപോലെ തന്നെ മരിയാപുരം പഞ്ചായത്തിലെ പ്രകൃതി രമണീയമായ സ്ഥലമാണ് സുന്ദരിമേട്. ഉപ്പുതോട്ടിൽനിന്ന് രണ്ടു കിലോമീറ്റർ കയറ്റം കയറിയാൽ സുന്ദരിമേടായി. 1965ൽ താമസമാരംഭിച്ച കുടിയേറ്റകർഷകരുടെ നാടിെൻറ സൗന്ദര്യമാണ് ഇൗ പേര് സമ്മാനിച്ചത്. ഏതാനും വർഷം മുമ്പ് നാട്ടുകാരായ ഏതാനും യുവാക്കൾ ചേർന്ന് ഗ്രാമത്തിെൻറ പേര് ന്യൂ മൗണ്ട് എന്ന് മാറ്റാൻ തീരുമാനിച്ചെങ്കിലും സുന്ദരിമേട് എന്നാണ് ഇപ്പോഴും അറിയപ്പെടുന്നത്.
ജില്ലയിലെ തന്നെ ഏറ്റവും ഉയരമേറിയ ഇവിടുത്തെ മലമുകളിൽനിന്നാൽ ഇടുക്കി ഡാം ഉൾപ്പെടെ ദൂരക്കാഴ്ചകൾ കാണാം. 60ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. എല്ലാവർഷവും ഡിസംബർ 31ന് നടത്തുന്ന പുതുവത്സരാഘോഷമാണ് ഗ്രാമത്തിെൻറ പ്രത്യേകത.
കലാ, സാംസ്കാരിക രംഗങ്ങളിൽ സജീവമായ യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബാണ് എല്ലാവരും ഒത്തുചേരുന്ന പൊതുസ്ഥാപനം. കല്ലും മണ്ണും നിറഞ്ഞ ചെമ്മൺപാത ആറുവർഷം മുമ്പ് ടാറിട്ട റോഡായി. പക്ഷേ, യാത്രക്കാരുടെ കുറവുമൂലം ബസ് സർവിസ് ഇല്ല. ജില്ലയിൽ ഏറ്റവും കൂടുതൽ പെയിൻറിങ് ആർട്ടിസ്റ്റുകളുള്ള നാട് കൂടിയാണിത്. ഇവിടുത്തെ കർഷക കുടുംബങ്ങളുടെ കണക്കെടുത്താൽ പട്ടയത്തിെൻറ കാര്യത്തിൽ മൂന്നു തട്ടിലാണ്.
1977ന് മുമ്പ് പട്ടയം കിട്ടിയ ആദ്യകാല കുടിയേറ്റ കർഷകർ, 1977ന് ശേഷം പട്ടയം കിട്ടിയവർ, പട്ടയത്തിന് അപേക്ഷയും നൽകി കാത്തിരിക്കുന്നവർ. റോഡുവന്നതോടെ വൈകുന്നേരങ്ങളിൽ കുളിർകാറ്റുകൊണ്ട് വിദൂരക്കാഴ്ചകൾ ആസ്വദിക്കാൻ സഞ്ചാരികൾ എത്തിത്തുടങ്ങി. നാട്ടിൽ നടക്കുന്ന വിശേഷങ്ങളും വാർത്തകളുമറിയാൻ വെളിച്ചം എന്ന പേരിൽ ന്യൂ മൗണ്ട് വാട്സ്ആപ് ഗ്രൂപ്പും സജീവമാണ്.