പരിശോധനകൾ പ്രഹസനം പഴകിയ മത്സ്യവിൽപന വ്യാപകം
text_fieldsചെറുതോണി: വിവിധ വകുപ്പുകളുടെ പരിശോധന പ്രഹസനമായതോടെ പഴകിയ മത്സ്യ വില്പന വ്യാപകമായി. ജില്ല ആസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ചില മത്സ്യ വ്യാപാര സ്ഥാപനങ്ങളിൽ മാസങ്ങൾ പഴകിയ മത്സ്യങ്ങൾ വില്പന നടത്തുന്നതായി പരാതിയുണ്ട്.
പഴകിയ മത്സ്യം വാങ്ങിക്കഴിച്ച് നിരവധിയാളുകൾക്ക് വയറിൽ അണുബാധയും വയറിളക്കവും പിടിപെടുന്നുണ്ട്. വൃത്തി ഹീനമായി പ്രവർത്തിക്കുകയും പഴകിയ ഭക്ഷണം വിളമ്പുകയും ചെയ്യുന്ന ഹോട്ടലുകളുടെ എണ്ണവും വർധിച്ചു. ഹോട്ടലുകളിലും ഭക്ഷ്യോല്പന്ന വിപണന കേന്ദ്രങ്ങളിലും ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഇത് സമയാസമയങ്ങളിൽ പുതുക്കുകയും വേണം. ആരോഗ്യ-ഭക്ഷ്യ സുരക്ഷ വകുപ്പുകൾ പരിശോധന നിർത്തിയതോടെ ഹെൽത്ത് കാർഡുള്ള ജീവനക്കാർ ഹോട്ടലുകളിലൊന്നും തന്നെ ഇല്ല.
ഇത്തരത്തിൽ വൃത്തിഹീനമായി പ്രവർത്തിക്കുകയും പഴകിയ ഭക്ഷണം വില്ക്കുകയും ചെയ്യുന്ന പല ഹോട്ടലുകളും മത്സ്യ മാംസ വിതരണ സ്ഥാപനങ്ങളും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നല്കി സ്വാധീനിക്കുന്നതു മൂലമാണ് ആരോഗ്യ വകുപ്പ് പരിശോധന നിർത്തിയതെന്ന് ജനങ്ങൾ പറയുന്നു. ഗുണനിലവാരമില്ലാത്ത പഴകിയ എണ്ണ ഉപയോഗിച്ചാണ് ഏറിയ പങ്ക് ഹോട്ടലുകളിലും പാചകം നടത്തുന്നത്.
ചെറുതോണി, തങ്കമണി, തോപ്രാംകുടി, കരിമ്പൻ, തടിയമ്പാട്, കഞ്ഞിക്കുഴി, മുരിക്കാശേരി തുടങ്ങിയ നിരവധി പ്രദേശങ്ങളിൽ ഇത്തരത്തിൽ പഴകിയ മത്സ്യ മാംസാദികളും, ഭക്ഷണവും വിൽക്കുന്നുണ്ടെന്നും നാട്ടുകാർപറയുന്നു. ഇത് ചോദ്യം ചെയ്യുന്ന ഉപഭോക്താക്കളെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നതും പതിവാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച തങ്കമണി സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മത്സ്യക്കടയിൽ നിന്നും മത്സ്യം വാങ്ങിക്കഴിച്ച ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു.
കടയുടമക്കെതിരെ ഇവർ പോലീസിൽ പരാതി നല്കി. അമോണിയം, ഫോർമാലിൻ തുടങ്ങിയവ ഉപയോഗിച്ചാണ് മത്സ്യം കേടാകാതെ സൂക്ഷിക്കുന്നത്. പിടിക്കപ്പെടാതിരിക്കാൻ ഐസ് ക്യൂബുകളിൽ ഇവ ഉൾക്കൊള്ളിക്കുകയാണ് പതിവ്. ഇത്തരം പ്രവൃത്തികൾ വ്യാപകമാകുമ്പോൾ സുരക്ഷയൊരുക്കേണ്ടവർ കോഴ വാങ്ങി നിസംഗത തുടരുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
മത്സ്യ മാംസ വ്യാപാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും പരിശോധന കർശനമാക്കിയില്ലെങ്കിൽ ആരോഗ്യ വകുപ്പ് ജില്ല അധികാരികൾക്കെതിരെ മനുഷ്യാവകാശ കമീഷനും, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്കും പരാതി നല്കുമെന്ന് ഹ്യൂമൻ റൈറ്റ് ഫൗണ്ടേഷൻ ഇടുക്കി താലൂക്ക് സെക്രട്ടറി കെ.എസ്. മധു, കമ്മിറ്റിയംഗങ്ങളായ ഷാജൻ ഫിലിപ്പ്, രാജു ഉപ്പുതോട് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

