പഞ്ചായത്ത് മെംബർ ചുമടിന്റെ തിരക്കിലാണ്...
text_fieldsചേലച്ചുവട് ടൗണിൽ ചുമടെടുക്കുന്ന ടോമി
ചെറുതോണി: പഞ്ചായത്ത് മെംബറെന്ന ഔദ്യോഗിക കുപ്പായമുണ്ടെങ്കിലും അരിപ്രശ്നമായ തൊഴിൽ ഉപേക്ഷിക്കാൻ ടോമി തയാറല്ല. കഞ്ഞിക്കുഴി പഞ്ചായത്തിലെ കത്തിപ്പാറ വാർഡിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ടോമി നെല്ലിപ്പിള്ളിയാണ് ജീവിത മാർഗമായ തൊഴിലുപേക്ഷിക്കാതെ വ്യത്യസ്തനാകുന്നത്.
ഒരു പതിറ്റാണ്ടിലേറെയായി ചേലച്ചുവട് ടൗണിലെ ചുമട്ട് തൊഴിലാളിയാണിദ്ദേഹം. അത് തന്നെയാണ് ജീവിത മാർഗവും. അതുകൊണ്ടു തന്നെ പഞ്ചായത്ത് മെംബറായെങ്കിലും തൊഴിൽ ഉപേക്ഷിക്കാൻ അദ്ദേഹം ഒരുക്കമല്ല. ദിവസവും പതിവ് പോലെ ജോലിക്കെത്തും. ചരക്ക് വാഹനങ്ങളിലെത്തുന്ന വിവിധ തരം ചരക്കുകളിറക്കും. ടൗണിലെത്തുന്ന ആർക്കും യൂനിയൻ യൂനിഫോമിൽ ജോലിയെടുക്കുന്ന ടോമിയെ കാണാനാകും. ഔദ്യോഗിക തിരക്കുകളോ കമ്മിറ്റികളോ ഉളള ദിവസങ്ങളിൽ മാത്രം തൊഴിലിന് അവധി നൽകും.
കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ടോമി 118 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കാൽ നൂറ്റാണ്ട് മുമ്പ് ഐ.എൻ.ടി.യു.സിയിലൂടെ തടി തൊഴിലാളിയായിട്ടാണ് പണി തുടങ്ങിയത്. ജോലിയും പൊതുജനസേവനവും ഒന്നിച്ചു കൊണ്ടുപോകുന്ന ടോമി നെല്ലിപ്പിള്ളി ഇതു രണ്ടാം തവണയാണ് പഞ്ചായത്തംഗമാവുന്നത്. എത്ര ജോലിത്തിരക്കുണ്ടെങ്കിലും നാട്ടുകാരുടെ എന്തു പ്രശ്നത്തിനും ടോമി ഓടിയെത്തും. ഭാര്യ ലിസിയുടെയും മക്കളായ അൽഫോൻസ, തോമസ് എന്നിവരുടേയും പൂർണ പിന്തുണയും ടോമിക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

