ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്; കാർ നിശ്ശേഷം തകർന്നു
text_fieldsഇടിയുടെ ആഘാതത്തിൽ തകർന്ന കാർ
ചെറുതോണി: ലോവർ പെരിയാർ വൈദ്യുതി നിലയത്തിനു സമീപം കരിമണലിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 10നാണ് സംഭവം. കുമളിയിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസും ഇടുക്കിയിലേക്ക് വരുകയായിരുന്ന പെരുമ്പാവൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമാണ് അപകടത്തിൽപെട്ടത്. അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിന്റെ പിൻസീറ്റിൽ ഇരുന്നയാൾക്കാണ് പരിക്കേറ്റത്. ഇയാളെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമ്പാവൂരിൽ മരിച്ച വീട്ടമ്മയുടെ സംസ്കാരത്തിൽ പങ്കെടുക്കാൻ മണിയാറംകുടിയിലേക്ക് വരുന്നതിനിടെയാണ് വാഹനം അപകടത്തിൽപെട്ടത്.
മണിയാറംകുടി മാഞ്ഞുമറ്റത്തിൽ റെജീന (36) പെരുമ്പാവൂരിൽ വെച്ചാണ് മരിച്ചത്. ആംബുലൻസിൽ കൊണ്ടുവന്ന മൃതദേഹത്തെ അനുഗമിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. അപകടത്തെതുടർന്ന് ഇടുക്കി-നേര്യമംഗലം റോഡിൽ ഗതാഗതം ഒരുമണിക്കൂർ തടസ്സപ്പെട്ടു. കരിമണൽ പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

