ഇടുക്കി മെഡിക്കൽ കോളജിൽ കൂടുതൽ സൗകര്യങ്ങൾ
text_fieldsഇടുക്കി മെഡിക്കൽ കോളജ്
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽ 2023-24 വർഷത്തേക്കുള്ള രണ്ടാം ബാച്ചിന് അംഗീകാരം ലഭിച്ചതോടെ കൂടുതൽ സൗകര്യം യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കുന്നതിന് നടപടി ആരംഭിച്ചു. 90 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന നിർമാണം ഏപ്രിൽ അവസാന വാരത്തോടെ പൂർത്തിയാകും. സൈക്യാട്രി വിഭാഗത്തിൽ ഇ.സി.ടി മെഷീൻ 31ന് മുമ്പ് എത്തും.
ദേശീയ മെഡിക്കൽ കമീഷനിൽനിന്നുള്ള ഡോ. വേദവതി, ഡോ. വെങ്കിട്ട്, ഡോ. കാറ്റി മാരുതി എന്നിവരടങ്ങുന്ന മൂന്നംഗ സംഘം 14ന് ഇടുക്കി മെഡിക്കൽ കോളജിൽ പരിശോധനക്ക് എത്തിയിരുന്നു. മെഡിക്കൽ കോളജിന്റെ പുരോഗതിയിൽ സംഘത്തിനുള്ള തൃപ്തിയാണ് ഇത്രവേഗം രണ്ടാമത്തെ ബാച്ചിന് അംഗീകാരം ലഭിക്കാൻ കാരണമായതെന്ന് പ്രിൻസിപ്പൽ ഡോ. ഡി. മീന പറഞ്ഞു.
കമീഷന്റെ പരിശോധനക്കുശേഷം മാസങ്ങൾ കഴിഞ്ഞാണ് സാധാരണ ഗതിയിൽ അംഗീകാരം ലഭിക്കാറുള്ളത്. ആദ്യബാച്ച് രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ പൂർത്തീകരിക്കേണ്ട കാര്യങ്ങൾ മെഡിക്കൽ കമീഷൻ അംഗങ്ങൾ നിർദേശിച്ചതനുസരിച്ച് പൂർത്തിയായി വരുകയാണ്.
ആശുപത്രി പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുക, പത്തോളജി, മൈക്രോ ബയോളജി തുടങ്ങിയ മോഡുലാർ ലാബുകൾ പ്രവർത്തനസജ്ജമാക്കുക, ലെക്ചർ ഹാൾ പൂർത്തീകരിക്കുക തുടങ്ങിയവയാണ് എൻ.എം.സിയുടെ പ്രധാന നിർദേശങ്ങൾ. കുട്ടികൾക്ക് വന്നുപോകുന്നതിന് ഒരു ബസാണ് ഇപ്പോഴുള്ളത്. പുതിയ ബസ് തിങ്കളാഴ്ചയോടെയെത്തും. എൻ.എം.സി ചൂണ്ടിക്കാട്ടിയ അപാകതകൾ 90 ശതമാനവും പരിഹരിച്ചു കഴിഞ്ഞതായും പറഞ്ഞു.
ചിട്ടയായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം -മന്ത്രി റോഷി
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിൽ രണ്ടാം വർഷ എം.ബി.ബി.എസ് കോഴ്സിന് അംഗീകാരം ലഭിച്ചത് ചിട്ടയായ പ്രവർത്തനങ്ങളുടെയും കൃത്യമായ ആസൂത്രണങ്ങളുടെയും ഫലമായെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാന സർക്കാറും ജില്ല ഭരണകൂടവും ആശുപത്രി വികസന സമിതിയും ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ചതിന്റെ ഫലമാണിത്. ആരോഗ്യമന്ത്രി വീണ ജോർജിന്റെ പിന്തുണയും നിർണായകമായെന്നും മന്ത്രി പറഞ്ഞു.
മാനദണ്ഡപ്രകാരമുള്ള ക്രമീകരണം ഒരുക്കുന്നതിൽ വിട്ടുവീഴ്ച വരുത്തിയില്ല. ജില്ലയിലെ ചികിത്സാ സൗകര്യങ്ങൾ മറ്റേത് ജില്ലയെപ്പോലെയും ലഭ്യമാക്കാനാണ് പ്രയത്നിക്കുന്നത്. സര്‍ക്കാറിന്റെ നിരന്തര ഇടപെടലുകളുടെ ഫലമായാണ് ഇടുക്കി മെഡിക്കല്‍ കോളജിൽ 100 എം.ബി.ബി.എസ് സീറ്റുകള്‍ക്ക് നാഷനല്‍ മെഡിക്കല്‍ കമീഷന്റെ അനുമതി ലഭിച്ചത്. 50 സീറ്റുകള്‍ ഉണ്ടായിരുന്നിടത്ത് നിന്നാണ് ഉയർത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറച്ച പിന്തുണയാണ് ഇത് സാധ്യമാക്കിയതെന്നും മന്ത്രി റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി.
രണ്ടാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് വേണ്ടി നാഷനല്‍ മെഡിക്കല്‍ കമീഷന് നിര്‍ദേശിച്ച സൗകര്യങ്ങള്‍ സജ്ജമാക്കി വരുകയാണ്. ഇടുക്കി മെഡിക്കല്‍ കോളജിലൂടെ ഹൈറേഞ്ചില്‍ മികച്ച ആശുപത്രി സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. 60.17 കോടി ചെലവിൽ നിർമിക്കുന്ന ആശുപത്രി ബ്ലോക്കിന്റെ രണ്ടാം ഘട്ട നിർമാണം നടക്കുകയാണ്. ഇതോടൊപ്പം 73.82 കോടി ചെലവിൽ വിദ്യാർഥികൾക്കായുള്ള ഹോസ്റ്റലുകൾ, സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവയുടെ നിർമാണവും ഉടൻ പൂർത്തിയാക്കും. വിവിധ കെട്ടിടങ്ങളിലേക്ക് എത്തിച്ചേരുന്നതിന് 18.6 കോടിയുടെ റോഡുകൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. തുടർപ്രവേശനത്തിന് അംഗീകാരം കൂടി ലഭിച്ചതോടെ കൂടുതൽ തസ്തികകളിലേക്ക് നിയമനം നടത്തി പ്രവർത്തനം സുഗമമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.