വാത്തിക്കുടിയിലെ പുലി കാണാമറയത്തുതന്നെ
text_fieldsചെറുതോണി: വാത്തിക്കുടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലി ഇപ്പോഴും കാണാമറയത്തുതന്നെ. പഞ്ചായത്തിന്റെ പലഭാഗത്തും പ്രത്യക്ഷപ്പെട്ട പുലി മനുഷ്യരെ ഉപദ്രവിച്ചിട്ടില്ല. എന്നാല്‍, പലയിടത്തും വളര്‍ത്തുമൃഗങ്ങളെ പുലി കടിച്ചുകൊന്നിട്ടുണ്ട്. ഞായറാഴ്ച പുലർച്ച ചാലിക്കടയില് വോളിബാള്‍ ഗ്രൗണ്ടിൽ പുലിയുടെ കാല്പാടുകള് ചിലര്‍ കണ്ടു. ഒന്നോ രണ്ടോ പേര് പുലിയെ കണ്ടതായും പറയുന്നു.
വാത്തിക്കുടി, ചാലിക്കട, തോപ്രാംകുടി, രാജപുരം, തേക്കിന്തണ്ട് ഭാഗങ്ങളിലും പുലിയെ കണ്ടതായി റിപ്പോര്‍ട്ടുണ്ട്. വൈകുന്നതോടെ പലയിടത്തും കടകളും മറ്റും അടച്ച് ആളുകള്‍ നേരത്തേ വീടണയുകയാണ്. ചാലിക്കട വോളിബാൾ ഗ്രൗണ്ടിന് സമീപം ശനിയാഴ്ച രാത്രി കണ്ടെത്തിയ പുലിയുടെ കാല്പാടുകള് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
പുലിയെ നിരീക്ഷിക്കാന്‍ പ്രദേശവാസികള്‍ ചേര്‍ന്ന് നിരീക്ഷണ സമിതി രൂപവത്കരിക്കുമെന്ന് വോളിബാള്‍ താരവും പ്രദേശവാസിയുമായ ജോയല്‍ അക്കക്കാട്ട് പറഞ്ഞു. അടുത്തിടെ രാജപുരം, തേക്കിന്തണ്ട് ഭാഗങ്ങളില്‍ ഒരു മ്ലാവ് എത്തിയിരുന്നു. ഇതിനെയും പുലി പിടിച്ചെന്ന സംശയത്തിലാണ് വനംവകുപ്പ്.