അവഗണനയുടെ സ്മാരകമായി കൊലുമ്പൻ സമാധി
text_fieldsകൊലുമ്പൻ സമാധി
ഇടുക്കിയുടെ ചരിത്രത്തിലെ മാറ്റിനിർത്താനാവാത്ത സ്ഥാനത്തുള്ള വ്യക്തിയുടെ സ്മാരകമാണ് ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും അവഗണനയിൽ നശിക്കുന്നത്. തെരഞ്ഞെടുപ്പ് കാലങ്ങളിൽ കൊലുമ്പൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി അനുഗ്രഹം തേടുന്ന രാഷ്ട്രീയ നേതാക്കൾ പിന്നീട് ഇങ്ങോട്ട് തിരിഞ്ഞുനോക്കാറില്ലെന്നും ആക്ഷേപമുണ്ട്
ചെറുതോണി: അവഗണനയുടെ സ്മാരകമായി കൊലുമ്പൻസമാധി. ഇടുക്കിയിലെ സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പണദിവസം പുഷ്പാർച്ചന നടത്താൻ മാത്രമുള്ള സ്മാരകമായി കൊലുമ്പൻ സമാധി മാറിയിരിക്കുകയാണെന്നാണ് ആക്ഷേപം.
ഏഷ്യയിലെ ഏറ്റവും വലിയ വൈദ്യുതോർജ്ജ പദ്ധതിയുടെ കണ്ടുപിടുത്തത്തിന് കാരണക്കാരനായ കൊലുമ്പന്റെ സ്മാരകമാണ് തൊടുപുഴ - പുളിയൻമല സംസ്ഥാന പാതയിൽ വെള്ളാപ്പാറയിൽ അധികൃതരുടെ അവഗണനയിൽ വലയുന്നത്. യഥാസമയം കൃത്യമായ നവീകരണ പ്രവർത്തനങ്ങൾ നടത്തിയും പെയിന്റ് ചെയ്തും സംരക്ഷിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാൻ നൂറുകണക്കിനാളുകളാണ് ദിനംപ്രതി എത്തുന്നത്. കോടിക്കണക്കിന് രൂപ വരുമാനം ലഭിക്കുന്ന വൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ആസ്ഥാനത്തെ കൊലുമ്പന്റെ സ്മാരകമാണ് മോശാവസ്ഥയിൽ സ്ഥിതിചെയ്യുന്നത്.
ഇവിടെ സന്ദർശനത്തിനെത്തുന്ന വിനോദ സഞ്ചാരികൾ പലരും സ്മാരകത്തിന്റെ ശോച്യാവസ്ഥയെപ്പറ്റി പരാതിപ്പെടാറുണ്ട്. കൊലുമ്പന്റെ പിൻ തലമുറക്കാരാണ് സ്മാരകത്തിന്റെ സൂക്ഷിപ്പുകാർ. ഇടുക്കിയുടെ ചരിത്രത്തിലെ മാറ്റി നിർത്താനാവാത്ത സ്ഥാനത്തുള്ള വ്യക്തിയുടെ സ്മാരകമാണ് ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും അവഗണനയിൽ നശിക്കുന്നത്.
തെരഞ്ഞെടുപ്പ് കാലങ്ങളിൽ കൊലുമ്പൻ സ്മാരകത്തിലെത്തി പുഷ്പാർച്ചന നടത്തി അനുഗ്രഹം തേടുന്ന രാഷ്ട്രീയ നേതാക്കൾ പിന്നീട് ഇങ്ങോട്ട് തിരിഞ്ഞുനോക്കാറില്ലെന്നും ആക്ഷേപമുണ്ട്. ഹൈറേഞ്ചിൽ സീസണാരംഭിച്ച സാഹചര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ സ്മാരകം പെയിന്റ് ചെയ്ത് അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിച്ചില്ലെങ്കിൽ കൊലുമ്പൻ സമാധി അവഗണനയുടെ സ്മാരകമായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

