ബന്ധുവിെൻറ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് യുവാവിെൻറ 37,000 രൂപ തട്ടി
text_fieldsചെറുതോണി: ബന്ധുവിെൻറ പേരിൽ വ്യാജ ഫേസ്ബുക്ക്, വാട്സ്ആപ് അക്കൗണ്ടുകൾ ഉണ്ടാക്കി പണം തട്ടിയതായി പരാതി. വാഴത്തോപ്പ് പാറക്കുളങ്ങരയില്‍ ജോമറ്റിെൻറ 37,000 രൂപയാണ് നഷ്ടപ്പെട്ടത്. പാലക്കാടുള്ള ബന്ധു ഷാജന് മാത്യുവിെൻറ പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് പണം ആവശ്യപ്പെട്ടത്.
ഷാജെൻറ സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നും അടിയന്തരമായി 50,000 രൂപ വേണമെന്നും ആവശ്യപ്പെട്ടാണ് ജോമെറ്റിന് സന്ദേശം വന്നത്. ഇരുവരും മുമ്പ് പണമിടപാട് നടത്താറുള്ളതിനാലും ഒരു ഡോക്ടറുടെ അക്കൗണ്ട് നമ്പര്‍ പണമയക്കാന്‍ നല്കിയതിനാലും ജോമെറ്റിന് സംശയം തോന്നിയില്ല.
സന്ദേശം അയച്ചയാൾ അക്കൗണ്ട് നമ്പര്‍ ഉറപ്പാക്കാൻ ജോമെറ്റിെൻറ അക്കൗണ്ടിലേക്ക് ഒരുരൂപ അയച്ചു. കിട്ടിയെന്ന് ബോധ്യപ്പെട്ടശേഷം ജോമെറ്റ് ആദ്യം 15,000 രൂപയും പിന്നീട് 22,000 രൂപയും കൈമാറി. പിന്നീട് ബന്ധുവിനെ വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. ഷാജെൻറ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്കെല്ലാം ഇത്തരത്തില്‍ സന്ദേശം അയച്ചെങ്കിലും ജോമറ്റ് മാത്രമേ പണം അയച്ചുള്ളു. പണമയക്കാന്‍ നല്കിയ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ഫോണെടുത്തിരുന്നു. രണ്ടാംതീയതിയാണ് പണം നഷ്ടപ്പെട്ടത്. ഇതു സംബന്ധിച്ച് സൈബര്‍ സെല്ലില്‍ പരാതി നല്കി.