പ്രതിസന്ധിയിലും പ്രതീക്ഷയിലാണ് കർഷകർ
text_fieldsവാഴത്തോപ്പിലെ തണൽ കർഷകസംഘം അംഗങ്ങൾ ഏത്തവാഴ തോട്ടത്തിൽ
ചെറുതോണി: ഏത്തക്കാ വില കുത്തനെ ഇടിഞ്ഞിട്ടും പ്രതീക്ഷയോടെ കൃഷിയുമായി മുന്നോട്ട് കൊണ്ടുപോകുകയാണ്, മൂന്നാം വർഷം പൂർത്തിയാക്കിയ വാഴത്തോപ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന തണൽ കർഷകസംഘം. 12ഓളം അംഗങ്ങളുള്ള സംഘത്തിലെ കർഷകർ, സംഘത്തിന്റെ നേതൃത്വത്തിൽ ഏത്തവാഴ ഉൾപ്പെടെ വിവിധ കൃഷികളാണ് നടത്തിവരുന്നത്.
ഏത്തവാഴ വിളവെടുപ്പ് ആരംഭിച്ചെങ്കിലും ന്യായമായ വില ലഭിക്കാത്തത് കർഷകർക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. നിലവിൽ ലോക്കൽ മാർക്കറ്റിൽ ഒരു കിലോക്ക് ലഭിക്കുന്നത് വെറും 28 രൂപ മാത്രമാണെന്ന് സംഘാംഗങ്ങൾ പറഞ്ഞു. നിലവിലെ വില കൃഷിചെലവ് പോലും തിരികെ ലഭിക്കാത്ത അവസ്ഥയാണെന്ന് സംഘം പ്രസിഡൻറ് ബാബു ചേറ്റാനി, ലാലു കുന്നംകോട്ട്, ഷിജോ വാട്ടപിള്ളി എന്നിവർ വ്യക്തമാക്കി.
പഞ്ചായത്തിലും കൃഷിഭവനിലും നിന്ന് കാര്യമായ സഹായങ്ങൾ ലഭിക്കാത്തതും കർഷകരുടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നു. സാമ്പത്തിക വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും കഴിഞ്ഞ മൂന്ന് വർഷമായി സംഘം സജീവമായി പ്രവർത്തനം തുടരുകയാണ്. അംഗങ്ങളുടെ ഐക്യവും ക്ഷേമവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന തണൽ കർഷകസംഘം, കൃഷിയോടൊപ്പം സാമൂഹിക ഐക്യത്തിനും പ്രാധാന്യം നൽകുന്ന മാതൃകാസംഘമായാണ് ശ്രദ്ധേയമാകുന്നത്. വർഷത്തിലൊരിക്കൽ എല്ലാ അംഗങ്ങളും ഒരുമിച്ച് വിനോദയാത്ര സംഘടിപ്പിക്കുന്നതും, വിശേഷ ദിവസങ്ങൾ ആഘോഷിക്കുന്നതും, ആഴ്ചതോറും ഒത്തുകൂടലുകൾ നടത്തുന്നതുമാണ് സംഘത്തിന്റെ പ്രത്യേകത.
പ്രതിസന്ധികൾക്കിടയിലും കൃഷിയോടുള്ള ആത്മവിശ്വാസവും കൂട്ടായ്മയുടെ ശക്തിയും കൈവിടാതെ മുന്നേറുന്ന തണൽ കർഷകസംഘം, പ്രദേശത്തെ മറ്റ് കർഷകർക്കും പ്രചോദനമായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

