അനുരാജിന്റെ മരണം വിശ്വസിക്കാനാകാതെ സഹപ്രവർത്തകർ
text_fieldsഅനുവും അശോകും
ചെറുതോണി: അനുരാജിന്റെ മരണം വിശ്വസിക്കാനാകാതെ സഹപ്രവർത്തകർ. തടിയമ്പാട് സർവിസ് സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്ന അനുരാജും ഭർത്താവ് അശോക് കുമാറും ജീവനൊടുക്കിയത് വെള്ളിയാഴ്ച വൈകീട്ടാണ് നാട്ടുകാരറിഞ്ഞത്.
തടിയമ്പാടിനു സമീപം കുതിരക്കല്ല് സ്വദേശിനിയായ അനു 2015വരെ തടിയമ്പാട് സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്നു. കമ്പ്യൂട്ടറിൽ അപാര പരിജ്ഞാനമുള്ള പെൺകുട്ടിയായിരുന്നു അനുവെന്ന് അന്നത്തെ സഹകരണ ബാങ്ക് പ്രസിഡന്റും ഇപ്പോൾ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റുമായ ജോർജ് പോൾ പറഞ്ഞു. ബാങ്കിൽ ജീവനക്കാരിയായിരിക്കുമ്പോഴാണ് പൊലീസിൽ ജോലി ലഭിച്ച് തൃശൂർക്ക് പോകുന്നത്. മാതാവ് സൂസി പൈനാവ് പാറേമാവ് ആയുർവേദ ആശുപത്രി ജീവനക്കാരിയാണ്. പിതാവ് ചെറുപ്പത്തിലെ ഉപേക്ഷിച്ചുപോയ അനുവിനെ പഠിപ്പിച്ചതും ജോലി വാങ്ങിക്കൊടുത്തതും സൂസിയായിരുന്നു. കുതിരക്കല്ല് സെന്റ് ജ്യൂഡ് പള്ളിക്കു സമീപമുള്ള വീട്ടിൽ ഒറ്റക്കാണ് സൂസിയുടെ താമസം. അടുത്തവർഷം വിരമിക്കുന്നതോടെ മകളോടൊപ്പം പോയി താമസിക്കാനുള്ള ആഗ്രഹത്തിലായിരുന്നു ഇവർ.