അതിർത്തി കടന്ന് കഞ്ചാവ് ഒഴുകുന്നു; നിയന്ത്രിക്കാനാകാതെ അധികൃതർ
text_fieldsചെറുതോണി: ഇടവേളക്ക് ശേഷം ജില്ല ആസ്ഥാനത്തും സമീപത്തെ ചെറുടൗണുകളിലും കഞ്ചാവ് വിൽപന തകൃതി. 50 ഗ്രാമിൽ താഴെ തൂക്കമുള്ള കഞ്ചാവ് പൊതികളാണ് വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്. നിയമം കർശനമാക്കിയതോടെ രക്ഷപ്പെടാൻ കഞ്ചാവ് മാഫിയ പുതിയ തന്ത്രങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
ഒരു കിലോയിൽ താഴെ കഞ്ചാവുമായാണ് പിടിക്കപ്പെടുന്നതെങ്കിൽ സ്വന്തം ജാമ്യത്തിൽ പുറത്തിറങ്ങാം എന്ന പഴുതുപയോഗിച്ച് ഓരോരുത്തരും ഒരു കിലോയിൽ താഴെ കഞ്ചാവ് കൈവശം വെച്ചാണ് കടത്തുന്നത്. സ്കൂൾ വിദ്യാർഥികൾ മുതൽ വയോധികർവരെ കഞ്ചാവുകടത്തിലെ കണ്ണികളാണ്.തമിഴ്നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളിൽനിന്നാണ് കുമളിവഴി ജില്ല ആസ്ഥാന മേഖലയിൽ കഞ്ചാവ് എത്തുന്നത്.
ഒരു കിലോ വരെ കഞ്ചാവുമായി പിടിക്കപ്പെട്ടാൽ ദുർബലമായ വകുപ്പുകൾ ചുമത്തി കേസെടുക്കുകയാണ് പതിവ്. ആന്ധ്രയിൽ കൃഷി ചെയ്യുന്ന നിലവാരം കുറഞ്ഞ കഞ്ചാവ് ഇവിടെ കൊണ്ടുവന്ന് ഇടുക്കി കഞ്ചാവായാണ് വിറ്റഴിക്കുന്നത്. വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽ ഒരു നിയന്ത്രണവുമില്ലാതെ കഞ്ചാവ് പൊതികൾ വിറ്റഴിക്കുന്നുണ്ട്. സ്കൂളുകളും ബസ്സ്റ്റാൻഡുമെല്ലാം വിൽപനക്കാരുടെ താവളമാണ്.