പ്ലാസ്റ്റിക്കുരഹിത പഞ്ചായത്താകാൻ വാഴത്തോപ്പ്
text_fieldsചെറുതോണി: ജില്ല കലക്ടറേറ്റ് ഉൾപ്പെടുന്ന വാഴത്തോപ്പ് പഞ്ചായത്ത് പ്ലാസ്റ്റിക്കുരഹിത പഞ്ചായത്താകാൻ ഒരുങ്ങുന്നു. ഇതിനായി ജില്ല പഞ്ചായത്ത് നൽകിയ ഒരേക്കർ സ്ഥലത്ത് പ്ലാന്റ് സ്ഥാപിച്ച് പ്ലാസ്റ്റിക് തരംതിരിക്കാനാണ് ഉദ്ദേശിക്കുന്നത്. കലക്ടറേറ്റ്, മെഡിക്കൽ കോളജ്, എൻജിനീയറിങ് കോളജ്, എം.ആർ.എസ് കോളജ് തുടങ്ങി നൂറോളം സ്ഥാപനങ്ങളിൽനിന്ന് പുറംതള്ളുന്ന പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യം കുറെക്കാലമായി പഞ്ചായത്ത് അധികൃതർക്ക് തലവേദനയായി മാറിയിരിക്കുകയായിരുന്നു. ജില്ല പഞ്ചായത്ത് സ്ഥലം കഴിഞ്ഞ ദിവസം അളന്നു തിരിച്ചുകൊടുത്തതോടെ പരിസ്ഥിതി ദിനത്തിൽ ഇതിനൊരു പരിഹാരമെന്ന നിലയിൽ പ്രാരംഭ നടപടികൾ ആരംഭിക്കുകയാണ്. ഹരിതസേന അംഗങ്ങളെ ഉപയോഗിച്ച് ശേഖരിക്കുന്ന പ്ലാസ്റ്റിക് ഇവിടെ സ്ഥാപിക്കുന്ന പ്ലാന്റിൽ കൊണ്ടുവന്ന് തരംതിരിച്ച് ക്ലീൻ കേരളക്ക് കൈമാറും. ഈ വർഷം തന്നെ ചെറുതോണി ഉൾപ്പെടുന്ന ജില്ല ആസ്ഥാനം പ്ലാസ്റ്റിക്കുരഹിത പഞ്ചായത്താക്കി മാറ്റുന്നതിനുള്ള നടപടിയാണ് പുരോഗമിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.