വനത്തിലൂടെ കിലോമീറ്ററുകൾ യാത്രചെയ്ത് കാട്ടിലെ ജീവിതങ്ങളുടെ 'ആശാ'കിരണം
text_fieldsആശാ ജയിംസ് കാട്ടിലൂടെയുള്ള യാത്രയിൽ
ചെറുതോണി: കോവിഡ് പ്രതിരോധത്തിൽ വേറിട്ട സേവന പ്രവർത്തനങ്ങളുമായി ആശാ പ്രവർത്തകർക്ക് മാതൃകയാകുകയാണ് ആശാ ജയിംസ്. ഇടുക്കി കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിലെ ആശാ പ്രവർത്തകയായ ആശ ദിവസവും 15 മുതൽ 20 കിലോമീറ്റർ വരെ വനത്തിലൂടെ ഒറ്റക്ക് യാത്ര ചെയ്താണ് വീടുകളിൽ സഹായമെത്തിക്കുന്നത്.
കഞ്ഞിക്കുഴി പഞ്ചായത്തിലെ 15 വാർഡുകൾ ഉൾപ്പെടുന്ന വിദൂര ഗ്രാമപ്രദേശങ്ങളായ മക്കുവള്ളിയും മനയത്തടവും കൈതപ്പാറയുമാണ് ആശയുടെ പ്രവർത്തനമേഖല. പുറമേനിന്ന് 20 കിലോമീറ്റർ ഉള്ളിലായി കൊടും വനത്തിനുള്ളിൽ 170 ഓളം കുടുംബങ്ങൾ താമസിക്കുന്ന ഈ വനപ്രദേശത്തെ കുടുംബങ്ങൾക്ക് സഹായങ്ങളുമായി ഏത് അടിയന്തരഘട്ടത്തിലും ആശ ഓടിയെത്തും.
കഞ്ഞിക്കുഴി പഞ്ചായത്തിലെ 15ാം വാർഡായ മക്കുവള്ളിയിൽ താമസക്കാരിയായ ഇവർ കഴിഞ്ഞ 14 വർഷമായി ഇവിടുത്തെ ആശാ പ്രവർത്തകയായി ജോലിചെയ്യുന്നു. തുച്ഛമായ ശമ്പളത്തിനാണ് ജോലി ചെയ്യുന്നതെങ്കിലും കടുത്ത പ്രതിസന്ധി അനുഭവിക്കുന്ന ഇവിടത്തെ കുടുംബങ്ങൾക്ക് തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ ജോലിയിൽ തുടരുന്നതെന്ന് ആശ പറഞ്ഞു.
കാട്ടിലൂടെയുള്ള യാത്രയിൽ പലപ്പോഴും തോട്ടപ്പുഴുവിെൻറ കടിയേറ്റ് ശരീരത്തിൽനിന്ന് രക്തമൊഴുകും. വന്യമൃഗങ്ങളെ ഭയന്ന് ആളുകൾ പുറത്തിറങ്ങാൻ മടിക്കുന്ന സ്ഥലങ്ങളിലൂടെ പോലും ഈ ആശാ പ്രവർത്തക യാത്ര തുടരുകയാണ്.
മക്കുവള്ളി, മനയത്തടം, കൈതപ്പാറ മേഖലകളിലെ ഓരോ വീട്ടുകാർക്കും ആശ സ്വന്തം കുടുംബാംഗത്തെപോലെയാണ്. വഴിയും വാഹനവും ഇല്ലാതെ ദുരിതമനുഭവിക്കുന്ന ഇവിടുത്തെ ജനങ്ങൾക്ക് പലപ്പോഴും പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയവും ആശയാണ്. തെൻറ കുടുംബത്തിൽനിന്ന് കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ സഹപ്രവർത്തകരിൽനിന്നും നാട്ടുകാരിൽനിന്നും വലിയ പിന്തുണയും പ്രോത്സാഹനവുമാണ് ലഭിക്കുന്നതെന്നും ആശ പറഞ്ഞു. തന്നെപ്പോലെ കടുത്ത വെല്ലുവിളികൾ അതിജീവിച്ച് വരുമാനത്തേക്കാളുപരി നാടിനെ സ്നേഹിച്ച് പ്രവർത്തിക്കുന്ന ആശാ പ്രവർത്തകർക്ക് അർഹമായ അംഗീകാരം നൽകണമെന്നാണ് ആശയുടെ അഭിപ്രായം. ജോജി, ജോഫി എന്നിവരാണ് മക്കൾ.