പോക്സോ കേസിൽ പ്രതി അറസ്റ്റിൽ
text_fieldsചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കോതമംഗലം പോത്താനിക്കാട് സ്വദേശി വേലംപ്ലാക്കൽ സാജനെയാണ് (40) മുരിക്കാശ്ശേരി പൊലീസ് കോയമ്പത്തൂരിൽനിന്ന് പിടികൂടിയത്.
ഇയാളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. രണ്ടുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് അറസ്റ്റ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു.
മൊബൈൽ ഫോൺ ഉപയോഗിക്കാതെ കർണാടകയിലും തമിഴ്നാട്ടിലും കറങ്ങി നടന്ന ഇയാളെ മുരിക്കാശ്ശേരി പൊലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഇടുക്കി എ.എസ്.പി രാജ് പ്രസാദിന്റെ നേതൃത്വത്തിൽ മുരിക്കാശ്ശേരി എസ്.ഐ എൻ.എസ്. റോയി, എ.എസ്.ഐ പി.ഡി. സേവ്യർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ആർ. അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

