ഇരുവശവും കാടുകയറി; പെരുംതൊട്ടി-പ്രകാശ് റോഡിൽ അപകടം തുടർക്കഥ
text_fieldsഇരുവശവും കാടുവളർന്ന പെരുംതൊട്ടി- പ്രകാശ് റോഡ്
ചെറുതോണി: ഇരുവശങ്ങളിലും കാട് കയറിയ പെരുംതൊട്ടി-പ്രകാശ് റോഡിൽ അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു.
കഴിഞ്ഞയാഴ്ച മാത്രം മൂന്ന് ഇരുചക്ര വാഹനങ്ങളാണ് ഈ നിരത്തിൽ അപകടത്തിൽ പെട്ടത്. പരിക്കേറ്റ യാത്രക്കാർ ഇപ്പോഴും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
രാജമുടി റോഡിൽ നിന്ന് ഈ റോഡിന്റെ വളവിലേക്ക് വന്നുചേരുന്ന ഇരുചക്ര യാത്രികാരാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. റോഡിന്റെ വശങ്ങളിൽ വളർന്ന് നിൽക്കുന്ന കാടുമൂലം വളവിനപ്പുറം ഉള്ള വാഹനങ്ങൾ കാണാൻ കഴിയാതെയാണ് ഇവിടെ മിക്ക അപകടങ്ങളും ഉണ്ടാകുന്നത്.
എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് ചേർന്ന് പോകാനും പ്രയാസമുണ്ട്. പ്രഭാത സവാരിക്കാരും ദുരിതത്തിലാണ്. നിരന്തര പരാതികൾക്ക് ശേഷവും കാട് തെളിക്കാൻ പഞ്ചായത്ത് അധികൃതർ തയാറാകുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. കഴിഞ്ഞ മാസം നാല് വാഹനങ്ങളാണ് ഇവിടെ അപകടത്തിൽ പെട്ടത്. എത്രയും വേഗം കാട് വെട്ടി നീക്കിയില്ലെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടാകാം.
വൈകുന്നേരങ്ങളിൽ ഈ വഴി നടന്നുപോകുന്ന നിരവധി സ്കൂൾ വിദ്യാർഥികളുടെ ജീവനും ഇത് ഭീഷണിയാണെന്ന് നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.

