ചോർന്നൊലിക്കുന്ന വീടുകളിൽ 20ഓളം കുടുംബങ്ങൾ
text_fieldsവാഴത്തോപ്പ് സ്കൂൾ സിറ്റി കോളനിയിലെ വീടുകളിലൊന്ന്
ചെറുതോണി: മൂന്ന് പതിറ്റാണ്ട് മുമ്പ് ഹൗസിങ് ബോർഡ് നിർമിച്ച് നൽകിയ വീടുകളിൽ ദുരിതജീവിതം നയിക്കുകയാണ് ഇരുപതോളം കുടുംബം. വാഴത്തോപ്പ് പഞ്ചായത്തിലെ സ്കൂൾ സിറ്റിക്ക് സമീപത്തെ കോളനിയിലാണ് കുടുംബങ്ങൾ മോശം സാഹചര്യത്തിൽ കഴിഞ്ഞുകൂടുന്നത്. 30 വർഷം മുമ്പ് 100 സ്ക്വയർഫീറ്റ് വലുപ്പത്തിൽ ഒറ്റമുറി വീടായിട്ടാണ് ഹൗസിങ് ബോർഡ് 50 വീടുകൾ നിർമിച്ചത്. ഭവനരഹിതരായ ആളുകൾക്കാണ് ഈ വീടുകൾ വിട്ടുനൽകിയത്. 30 വർഷം പിന്നിടുമ്പോൾ ചോർന്നൊലിക്കുന്ന ഏത് നിമിഷവും തകർന്നുവീഴാൻ സാധ്യതയുമായി ഈ വീടുകളിൽ കൊച്ചുകുട്ടികളുമായി ദുരിതജീവിതം നയിക്കുകയാണ് ഇരുപതോളം കുടുംബം.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന് ഹൗസിങ് ബോർഡ് ഈ കെട്ടിടങ്ങൾ കൈമാറിയിരുന്നു. പഞ്ചായത്തിനോ ഇതര സംവിധാനങ്ങൾക്കോ യഥാസമയം അറ്റകുറ്റപ്പണി ഉൾപ്പെടെ നടത്തി നൽകാൻ സാധിക്കും എന്നിരിക്കെ ഒരു സഹായവും ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് നൽകിയിട്ടില്ല. നിർധനരും തൊഴിലുറപ്പ് ജോലി ഉൾപ്പെടെ ചെയ്തു താമസിക്കുന്നവരും ഭിന്നശേഷിക്കാരും കാഴ്ചശക്തി ഇല്ലാത്തവരും ഉൾപ്പെടെ ആളുകളാണ് അടിസ്ഥാന സൗകര്യങ്ങൾപോലും ഇല്ലാത്ത ഈ പ്രദേശത്ത് താമസിക്കുന്നത്. ചോർന്ന് ഒലിക്കുന്ന വീടിന്റെ ചോർച്ച അടക്കാൻ വീടിന് മുകളിൽ പടുത ഇട്ടും ള്ളിൽ പടുത കെട്ടിയും ദ്വാരങ്ങളുള്ള ഭാഗങ്ങളിൽ ടാർ തേച്ചുപിടിപ്പിച്ചുമാണ് ഇവർ കഴിഞ്ഞു കൂടുന്നത്.
ലൈഫ് ഭവന പദ്ധതിയിൽ കോളനിയിലെ രണ്ടുപേർക്ക് മാത്രമാണ് വീട് ലഭിച്ചത്. പലരും ലൈഫ് ഭവന പദ്ധതിയുടെ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട് എങ്കിലും ഒരു വാർഡിൽ ഒന്നോ രണ്ടോ വീട് മാത്രമാണ് ഒരുവർഷം ലൈഫ് പദ്ധതിയിൽ അനുവദിച്ച് നൽകുകയുള്ളൂ. ജനങ്ങളുടെ ദുരിതജീവിതം അധികൃതർക്ക് മുന്നിലെത്തിച്ചാൽ ലിസ്റ്റിൽ പേരുണ്ട് എന്ന് പറഞ്ഞ് അധികൃതർ കൈമലർത്തും. കാലങ്ങളായി അടച്ചുറപ്പില്ലാത്ത വീട്ടിൽ പെൺകുട്ടികളുമായി ദുരിതജീവിതം നയിക്കുകയാണ് വാഴത്തോപ്പ് പഞ്ചായത്തിലെ ഏഴാം വാർഡ് ഉൾപ്പെടുന്ന മണിയാറൻകുടി സ്കൂൾ സിറ്റിയിലെ കോളനി നിവാസികൾ.