Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right...

സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ൽ ഉ​ട​ക്കി അ​ക്ഷ​ര​വെ​ളി​ച്ചം

text_fields
bookmark_border
സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ൽ ഉ​ട​ക്കി അ​ക്ഷ​ര​വെ​ളി​ച്ചം
cancel
camera_alt

ഇ​ട​മ​ല​ക്കു​ടി ട്രൈ​ബ​ൽ എ​ൽ.​പി സ്കൂ​ൾ

തൊടുപുഴ: പുതിയ അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങൾ സജീവമാകുമ്പോൾ സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി ട്രൈബൽ എൽ.പി സ്കൂളിലെ കാഴ്ചകൾ ആശങ്ക ജനിപ്പിക്കുന്നതാണ്. മറ്റിടങ്ങളിൽ രക്ഷിതാക്കൾ സ്കൂളിലെത്തി കുട്ടികൾക്ക് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള നടപടികൾ പൂർത്തിയാക്കുമ്പോൾ ഇടമലക്കുടിയിലെ സ്കൂളിലേക്ക് കുട്ടികളെ എത്തിക്കാൻ അധ്യാപകരടക്കം കാടും മലയും താണ്ടി വിവിധ ഊരുകൾ സന്ദർശിക്കുന്ന തിരക്കിലാണ്. എന്നാൽ, ഇവരുടെ പ്രയത്നംതന്നെ വഴിമുട്ടുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ. കഴിഞ്ഞ വർഷം 16 കുട്ടികൾ ഒന്നാംക്ലാസിലെത്തിയെങ്കിൽ വ്യാഴാഴ്ച വരെ ഒമ്പത് കുട്ടികളെ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. ഇവർക്കാകട്ടെ അധാർ കാർഡും ജനന സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റുമില്ലാത്ത സ്ഥിതിയാണ്.

സൊസൈറ്റിക്കുടിയിൽ പ്രവർത്തിക്കുന്ന ഗവ. ട്രൈബൽ സ്കൂളിലെ പ്രധാനാധ്യാപകന്‍റെ നേതൃത്വത്തിലാണ് കുട്ടികളെ കണ്ടെത്തുന്നതിനായി വിവിധ കുടികളിൽ സന്ദർശനം നടത്തുന്നത്. ഇവിടെ എത്തുമ്പോൾ ആധാർ കാർഡുള്ളവർക്ക് ജനന സർട്ടിഫിക്കറ്റില്ല, ഇത് രണ്ടുമുള്ളവർക്ക് ജാതി സർട്ടിഫിക്കറ്റില്ല എന്നതാണ് സ്ഥിതി. ഒന്നാം ക്ലാസിൽ ചേർക്കുന്നതിന് മുമ്പായി രേഖകൾ ഓൺലൈനായി സമർപ്പിക്കേണ്ടതിനാൽ കുട്ടികളുടെ പ്രവേശനം പ്രതിസന്ധിയിലാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. താൽക്കാലികമായി കുട്ടികളെ ചേർക്കാമെങ്കിലും കൃത്യമായ രേഖകൾ പോർട്ടലിൽ നൽകിയാൽ മാത്രമേ ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കൂ. കുട്ടികൾക്ക് ലഭിക്കുന്ന ഗ്രാന്‍റടക്കം ഇത് നഷ്ടപ്പെടാനിടയാക്കും. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി 54 കുട്ടികളാണ് ഇപ്പോൾ ഇടമലക്കുടി ട്രൈബൽ സ്കൂളിൽ പഠിക്കുന്നത്. ഇവരിൽ 28 പേർക്ക് മാത്രമാണ് അധാർ ഉള്ളത്. 26 കുട്ടികൾക്ക് അധാർ ഇല്ലാത്ത സ്ഥിതിയാണ്. ഇവരിൽ ഒമ്പത് പേർ മാത്രമാണ് ബാങ്ക് അക്കൗണ്ട് ഉള്ളവർ. രേഖകൾ എടുക്കാൻ രക്ഷിതാക്കളിൽ പലരും താൽപര്യം കാണിക്കാത്തതും അധ്യാപകരെ കുഴക്കുന്നുണ്ട്.

ഇടമലക്കുടിയിൽനിന്ന് മൂന്നാറിലെത്തി വേണം രേഖകളും മറ്റും എടുക്കാൻ. ഇതുവഴിയുള്ള യാത്ര ദുർഘടമായതിനാൽ സർവിസ് നടത്തുന്ന ജീപ്പുകൾക്ക് വലിയ ചാർജ് ഒരു ട്രിപ്പിന് കൊടുക്കേണ്ടി വരും. ഇത് രക്ഷിതാക്കളെ പിന്നോട്ടടിക്കുന്നു. രേഖകളുണ്ടാക്കാനുള്ള പ്രയോഗിക ബുദ്ധിമുട്ടും ആനുകൂല്യം ലഭിക്കാത്തതിലുള്ള നിരാശമൂലവും കുട്ടികളെ സ്കൂളിലയക്കാൻ പലരും മടിക്കുന്ന സാഹചര്യമാണിപ്പോൾ.

കേവലം സ്കൂൾ അധികൃതരുടെയോ അധ്യാപകരുടെയോ ശ്രമം കൊണ്ട് മാത്രം ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുന്ന സാഹചര്യമല്ല. വിവിധ വകുപ്പുകൾ ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ ഉണർന്നുപ്രവർത്തിച്ചില്ലെങ്കിൽ ഇത്തവണ ഒന്നാം ക്ലാസിലേക്കുള്ള കുട്ടികളുടെ എണ്ണം വളരെ കുറയുമെന്ന് അധ്യാപകരടക്കം ചൂണ്ടിക്കാട്ടുന്നു.

കൂടാതെ കുട്ടികളെ കുടിയിൽനിന്ന് സ്കൂളിലേക്കും സ്കൂളിൽനിന്ന് കുടിയിലേക്കും എത്തിക്കാൻ സഹായിച്ചിരുന്ന ട്രൈബൽ മെൻഡർമാരുടെ സേവനവും കഴിഞ്ഞ വർഷം നിലച്ചിരിക്കുകയാണ്. വന്യമൃഗങ്ങളുടെ സാന്നിധ്യമടക്കമുള്ളതിനാൽ കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുകയായിരുന്നു ഇവരുടെ കർത്തവ്യം. മെന്‍റർമാരുടെ സേവനം ഇല്ലാതായതോടെ പലരും കുട്ടികളെ വിടാൻ താൽപര്യം പ്രകടിപ്പിക്കാത്ത സാഹചര്യവുമുണ്ട്.

കൃഷിജോലികൾക്കും വനവിഭവശേഖരണത്തിനുമടക്കം പോകുന്നതിനാൽ കുട്ടികളെ കൊണ്ടാക്കാൻ രക്ഷിതാക്കളിൽ പലരും താൽപര്യവും കാണിക്കാറില്ല. ഇത് കുട്ടികൾ സ്കൂളിലെത്താത്ത സാഹചര്യം സൃഷ്ടിക്കും. അധ്യയന വർഷം ആരംഭിക്കാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം അവശേഷിക്കെ ഇടമലക്കുടി പഞ്ചായത്തിലെ മുഴുവൻ കുട്ടികൾക്കും അക്ഷരവെളിച്ചം നേടാനും അർഹമായ ആനുകൂല്യം ഉറപ്പ് വരുത്താനും അടിയന്തര ഇടപെടൽതന്നെ ഉണ്ടാകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CertificatesbrokenIlluminated
News Summary - Certificates are broken and letters are illuminated.
Next Story