കള്ളിൽ കഞ്ചാവ്; 25 ഷാപ്പുകൾക്കെതിരെ കേസ്, ൈലസൻസ് റദ്ദാക്കും
text_fieldsതൊടുപുഴ: കള്ളിൽ കഞ്ചാവ് സംയുക്തം ചേർത്ത് വിൽപന നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന് തൊടുപുഴ റേഞ്ചിന് കീഴിലെ 25 ഷാപ്പുകൾക്കെതിരെ ജാമ്യമില്ലാ കേസ്. ഷാപ്പ് ലൈസൻസി, വിതരണക്കാരൻ എന്നിവർക്കെതിരെയാണ് എക്സൈസ് കേസെടുത്തത്. കഴിഞ്ഞവർഷം ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ഷാപ്പുകളിൽനിന്ന് ശേഖരിച്ച സാമ്പിളിലാണ് കഞ്ചാവിെൻറ ഘടകമായ കന്നാബിനോയ്ഡിെൻറ സാന്നിധ്യം കണ്ടെത്തിയത്.
എറണാകുളത്ത് നടത്തിയ പരിശോധനയുടെ ഫലം ബുധനാഴ്ചയാണ് പുറത്തുവന്നത്. ബന്ധപ്പെട്ട ഷാപ്പുകളുടെ ലൈസൻസ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. കഞ്ചാവിന് ലഹരിയുണ്ടാക്കുന്ന സംയുക്തങ്ങളാണ് കന്നാബിനോയ്ഡുകൾ. കന്നാബിഡിയോൾ എന്നും അറിയപ്പെടും. കഞ്ചാവ് ഇലയുടെ നീരോ കിഴിയോ ഹഷീഷ് ഓയിലോ വഴിയാണ് ഇവ കള്ളിൽ ചേർക്കുക.
പാലക്കാടുനിന്ന് വിൽപനക്കെത്തിച്ച കള്ളിലാണ് കഞ്ചാവിെൻറ ഘടകം കണ്ടെത്തിയത്. കോതമംഗലത്തെ 21 ഷാപ്പിൽനിന്നുള്ള സാമ്പിളിലും ഇത് സ്ഥിരീകരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ അറസ്റ്റ് ഉണ്ടാകുമെന്നും ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷണർ വി.എ. സലീം പറഞ്ഞു.