കൈക്കൂലി: അഞ്ചു വർഷത്തിനിടെ ഇടുക്കി ജില്ലയിൽ വിജിലൻസിന്റെ പിടിയിലായത് 19 പേർ
text_fieldsതൊടുപുഴ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലയിൽ പിടിയിലായത് 19 പേർ. 2023 ൽ രണ്ട്, 2022 ൽ അഞ്ച്, 2021 ൽ എട്ട്, 2020 ൽ രണ്ട്, 2018 ൽ രണ്ട് എന്നിങ്ങനെയാണ് പിടിയിലായവരുടെ എണ്ണം. ട്രാപിൽ കുടുങ്ങിയവരിൽ ഡോക്ടർമാർ മുതൽ വനം വകുപ്പ് ഉദ്യോഗസ്ഥർ വരെയുണ്ട്. വിജിലൻസിന്റെ ‘ട്രാപ്’ കേസുകളിൽ കുടുങ്ങിയവരാണ് ഇവരിൽപ്പലരും. ഗത്യന്തരമില്ലാത്ത സാഹചര്യത്തിലാണ് പരാതിക്കാർ പലരും വിജിലൻസിനെ സമീപിച്ചത്.
പരാതിയുടെ നിജ സ്ഥിതി സംബന്ധിച്ച് അന്വേഷണം നടത്തിയ ശേഷമാണ് വിജിലൻസ് വല വിരിക്കുന്നത്. ജില്ലയിൽ അടുത്തിടെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ ഡോക്ടർ വിജിലൻസ് പിടിയിലായത്. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ജൂനിയർ കൺസൽറ്റന്റ് മായാ രാജാണ് പിടിയിലായത്. ഗർഭപാത്രം നീക്കം ചെയ്ത, വഴിത്തല ഇരുട്ടുതോട് സ്വദേശിയുടെ ഭാര്യയ്ക്ക് തുടർചികിത്സ നൽകുന്നതിന് 5,000 രൂപ വാങ്ങുന്നതിനിടെയായിരുന്നു ഇവരുടെ അറസ്റ്റ്. ബിൽ പാസാക്കി നൽകുന്നതിന് കരാറുകാരനിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി ഹാരിസ് ഖാൻ (52) വിജിലൻസിന്റെ പിടിയിലായതും അടുത്തിടെയാണ്.
കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റേഞ്ച് ഓഫിസറെയും വിജിലൻസ് പിടികൂടിയിരുന്നു. തൊടുപുഴ സ്വദേശിയുടെ വീട്ടിൽ നിന്ന് മാൻ കൊമ്പ് കണ്ടെടുത്ത സംഭവം ലംഘൂകരിക്കുന്നതിന് വേണ്ടിയാണ് ഫോറസ്റ്റ് റേഞ്ചോഫിസർ കൈക്കൂലി ആവശ്യപ്പെട്ടത്. അടിമാലി പഞ്ചായത്തിലെ സീനിയർ ക്ലർക്ക് അടൂർ പറക്കോട് മുണ്ടയ്ക്കൽ പുതിയ വീട്ടിൽ മനോജും (42) വിജിലൻസ് പിടിയിലായിരുന്നു.
അടിമാലി മന്നാംകണ്ടം വില്ലേജ് ഓഫിസറായിരുന്ന റിട്ട. റവന്യു ഇൻസ്പെക്ടർ ജയയുടെ ഉടമസ്ഥതയിലുള്ള പൊളിഞ്ഞപാലത്തെ വീടിന് നമ്പർ ലഭിക്കുന്നതിനായി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലാണ് അറസ്റ്റ്. സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനുള്ള പേപ്പര്‍വര്‍ക്കുകള്‍ ചെയ്യുന്നതിന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി ജില്ലാ പട്ടിക ജാതി വികസന ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് പിടിയിലായതും അതിർത്തി കടന്നെത്തുന്ന അയ്യപ്പഭക്തരിൽനിന്ന് ആളൊന്നിന് നൂറ് രൂപ വീതം വാങ്ങിയ കുമളിയിലെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിജിലൻസിന്റെ വലയിലായതും അടുത്ത നാളുകളിലാണ്.