തേക്കടിയിൽ ബോട്ട് അറ്റകുറ്റപ്പണി വൈകി; സഞ്ചാരികൾക്ക് ദുരിതം
text_fieldsതേക്കടി തടാകക്കരയിൽ അറ്റകുറ്റപ്പണി പുരോഗമിക്കുന്ന കെ.ടി.ഡി.സി-വനംവകുപ്പ് ബോട്ടുകൾ
കുമളി: വിനോദസഞ്ചാരികളുടെ തിരക്കേറിയ സമയത്ത് ബോട്ടുകൾ അറ്റകുറ്റപ്പണിക്കായി മാറ്റിയിട്ടത് സഞ്ചാരികൾക്ക് ദുരിതമായി. സീസൺ തുടങ്ങുംമുമ്പ് പണിതീർത്ത് ഓടിത്തുടങ്ങേണ്ട ബോട്ടുകളാണ് അധികൃതരുടെ അനാസ്ഥകാരണം ഇപ്പോഴും കരയിലിരിക്കുന്നത്.
കെ.ടി.ഡി.സിയുടെ ഇരുനില ബോട്ടായ ജലരാജ അറ്റകുറ്റപ്പണിക്കായി കരയിൽ കയറ്റിയിട്ടിട്ട് മൂന്നുവർഷം പിന്നിട്ടു. 120പേർക്ക് കയറാവുന്ന ബോട്ട് തടാകത്തിലൂടെ അഞ്ചുതവണ സവാരി നടത്തുമ്പോൾ 600പേർക്ക് യാത്ര ചെയ്യാൻ കഴിയുമായിരുന്നു. ഇതുവഴി കെ.ടി.ഡി.സിക്ക് ഒരു ദിവസം ഒന്നരലക്ഷത്തിലധികം രൂപ വരുമാനമായി ലഭിച്ചിരുന്നു. മൂന്നുവർഷമായി ബോട്ട് കരയിലായതോടെ കോടികളുടെ വരുമാന നഷ്ടമാണ് കെ.ടി.ഡി.സിക്ക് ഉണ്ടായത്.
അധികൃതരുടെ അനാസ്ഥ സംബന്ധിച്ച ‘മാധ്യമം’ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് ബോട്ടുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചത്. നിലവിൽ കെ.ടി.ഡി.സിയുടെ ചെറിയ ബോട്ടായ ജല സുന്ദരിയുടെ അറ്റകുറ്റപ്പണികളും വനംവകുപ്പിന്റെ ഇരുനില ബോട്ടിന്റെ അറ്റകുറ്റപ്പണികളുമാണ് ഒരേസമയം നടക്കുന്നത്. ഇത് പൂർത്തിയായ ശേഷമാണ് ജലരാജയുടെ പണി ആരംഭിക്കുക.
കെ.ടി.ഡി.സി-വനംവകുപ്പ് ബോട്ടുകൾ ഓടിത്തുടങ്ങുന്നതോടെ ഒരുദിവസം 900 പേർക്ക് കൂടി ബോട്ട് സവാരിക്ക് അവസരമുണ്ടാകും. നിലവിൽ 1500പേർക്ക് മാത്രമാണ് ഒരുദിവസം തടാകത്തിൽ ബോട്ട് സവാരി നടത്താൻ സാഹചര്യമുള്ളത്. സ്കൂൾ അവധിക്കാലവും ഈസ്റ്റർ, വിഷു, റമദാൻ അവധികളും ആഘോഷിക്കാൻ അഭ്യന്തര-വിനോദ സഞ്ചാരികളുടെ വലിയ തിരക്കാണ് തേക്കടിയിൽ.
ആവശ്യത്തിന് ബോട്ട് സൗകര്യം ഇല്ലാത്തതിനാൽ കുടുംബസമേതമെത്തിയ സഞ്ചാരികളിൽ പലരും നിരാശരായി മടങ്ങുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

