തൊടുപുഴയിൽ വൻ ലഹരിമരുന്ന് വേട്ട ; 50 കിലോ കഞ്ചാവും ഹഷീഷ് ഓയിലും പിടികൂടി
text_fieldsഎക്സൈസ് സംഘം തൊടുപുഴ വെങ്ങല്ലൂർ സിഗ്നലിന് സമീപം വാഹനം തടഞ്ഞ് പിടികൂടിയ കഞ്ചാവ്പൊതികൾ -കഞ്ചാവുമായി പിടിയിലായ ഹാരിസ് നാസർ
തൊടുപുഴ: കാറിൽ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവും 12 കുപ്പി ഹഷീഷ് ഓയിലും തൊടുപുഴയിൽ എക്സൈസ് അധികൃതർ വാഹന പരിശോധനയ്ക്കിടെ പിടികൂടി. കാറിലുണ്ടായിരുന്ന കരിമണ്ണൂർ നെയ്യശ്ശേരി ഇടണക്കൽ ഹാരിസ് നാസറിനെ(25) കസ്റ്റഡിയിലെടുത്തു.
വെങ്ങല്ലൂർ-കോലാനി ബൈപാസിൽ വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘത്തെ കണ്ട് ഹാരിസ് കാർ നിർത്താതെ പോയി. പിന്തുടർന്നെത്തിയ എക്സൈസ് വെങ്ങല്ലൂർ സിഗ്നലിന് സമീപം കാർ തടഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിെൻറ ഡിക്കിയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തൊടുപുഴ സ്വദേശിക്ക് കൈമാറാനെത്തിച്ചതാണ് കഞ്ചാവെന്നാണ് വിവരം. കേരളത്തിന് പുറത്തുനിന്ന് എത്തിച്ചതാണ് ഇതെന്ന് എക്സൈസ് പറഞ്ഞു.
അതിനിടെ നടപടി തടസ്സപ്പെടുത്താനെത്തിയ മാർട്ടിൻ എന്നയാളെ എക്സൈസ് കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി. പിടിച്ചെടുത്ത ലഹരി വസ്തുക്കൾക്ക് 25 ലക്ഷം രൂപ വിലമതിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് ഇൻസ്പെക്ടർ എൻ.പി. സുദീപ് കുമാർ പറഞ്ഞു.