വള്ളത്തിൽ മീൻപിടിക്കുന്നതിനിടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്
text_fieldsപരിക്കേറ്റ അശ്വിൻ
മുട്ടം: ശങ്കരപ്പിള്ളി മലങ്കര ജലസംഭരണിയിൽ വള്ളത്തിൽ മീൻ പിടിക്കുന്നവർക്ക് നേരെ ആക്രമണം. രണ്ടുപേർക്ക് പരിക്കേറ്റു. ശങ്കരപ്പിള്ളി പനക്കൽ ധനേഷ് (35), സഹോദരപുത്രൻ അശ്വിൻ (16) എന്നിവർക്കാണ് പരിക്ക്. കമ്പിവടി കൊണ്ടുള്ള അടിയേറ്റ് ധനേഷിന്റെ തലക്കും അശ്വിന്റെ പുറത്തും പരിക്കുണ്ട്. ഞായറാഴ്ച രാത്രി 8.30ന് വീടിന് മുന്നിലുള്ള മലങ്കര ജലസംഭരണിയിൽ ഫൈബർ വള്ളത്തിൽ മീൻ പിടിക്കുകയായിരുന്നു ഇവർ.
ഈ സമയം മറ്റൊരു വള്ളത്തിൽ വന്ന പ്രദേശവാസികളായ കുഞ്ഞുമോനും രാഹുലും ചേർന്നാണ് ആക്രമിച്ചത്. ധനേഷ് മീൻപിടിത്തത്തിൽ ഏർപ്പെട്ടിരുന്ന ഭാഗത്ത് മീൻ പിടിക്കാൻ അനുവദിക്കില്ലെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ ധനേഷിന്റെ വള്ളം തകർന്നു.
മൊബൈൽ ഫോൺ, സ്വർണമാല എന്നിവ നഷ്ടപ്പെട്ടു. വെള്ളത്തിൽ വീണ ധനേഷും അശ്വിനും ഒരുവിധം നീന്തി കരക്കെത്തിയെങ്കിലും കരയിലും ആക്രമണം തുടർന്നതായി പറയുന്നു.പരിക്കേറ്റവർ തൊടുപുഴ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. മുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

