ഇത്രമേൽ കഠിനമോ മാർഗങ്ങൾ....
text_fieldsഗതാഗത സൗകര്യം കുറവായതിനാൽ തെക്കുംഭാഗെത്ത വിദ്യാർഥികൾ താൽകാലിക നടപ്പാലം വഴി
കടന്നുപോകുന്നു
മൂലമറ്റം: റോഡ് നിർമിക്കാൻ കരുണ കാണിക്കണമെന്ന് ആവശ്യപ്പെട്ട് പ്ലസ് ടു വിദ്യാർഥിനി കലക്ടർക്ക് കത്തയച്ച് സംഭവം അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അച്ഛനെയും അമ്മൂമ്മയെയും അസുഖം വന്നപ്പോൾ വഴിയില്ലാത്തതിനെ തുടർന്ന് കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിയാത്തതും ഇത് മൂലം ജീവൻ നഷ്ടപ്പെട്ടതും വിവരിച്ചായിരുന്നു കത്തെഴുതിയത്. ഇടുക്കി അറക്കുളം പഞ്ചായത്തിലെ ഏഴാം വാർഡിൽ ആദിവാസി വിഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശമായ പതിപ്പള്ളി, തെക്കുംഭാഗം മേഖലയുടെ ദുരവസ്ഥയാണിത്.
മൂലമറ്റത്ത് നിന്നും ആറ് കിലോമീറ്ററാണ് ഇവിടേക്ക് ദൂരം ഉള്ളു എങ്കിലും ഗതാഗത യോഗ്യമായ വഴി ഇല്ലാത്തതിനാൽ മണിക്കൂറുകൾ വേണം അവിടേക്ക് സഞ്ചരിക്കാൻ. കുന്നും മലയും പുഴയും കടന്ന് വേണം എത്താൻ. വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശം ആയതിനാൽ വനം വകുപ്പ് അനാവശ്യമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നാണ് പരാതി. പതിപ്പള്ളി തെക്കുംഭാഗത്ത് നിന്നും എടാട് സ്കൂളിലേക്ക് എത്താൻ ഏക ഗതാഗത മാർഗം തെക്കുംഭാഗത്തിനും എടാടിനും ഇടയിലുള്ള പാലമാണ്. 2018 ലെ പ്രളയത്തിൽ പാലത്തിന്റെ ഒരു ഭാഗം തകർന്നു.
പിന്നീട് പുനർനിർമിച്ചില്ല. ഇല്ലി മുള കെട്ടി അടുക്കി നിർമിച്ച് താത്കാലിക പാലമാണ് ഇപ്പോഴത്തെ ഏക ആശ്രയം. അതിലൂടെ വിദ്യാർഥികളടക്കമുള്ളവരുടെ സഞ്ചാരം ഭീതി ജനിപ്പിക്കുന്നതാണ്. റോഡിന്റെ അവസ്ഥയും പരിതാപകരമാണ്. ട്രിപ്പ് ജീപ്പ് മാത്രമാണ് ആശ്രയം. കല്ലിന് മുകളിലൂടെ ആടിയുലഞ്ഞ് സഞ്ചരിക്കുന്ന ജീപ്പിൽ ഗർഭിണികളെയോ രോഗികളെയോ കയറ്റാനാവില്ല. നല്ല ഒരു റോഡും പാലവും നിർമിച്ചാൽ മാത്രമാണ് തെക്കുംഭാഗത്ത് ഉള്ളവർക്ക് സമാധാനമായി ഇത് വഴി സഞ്ചരിക്കാൻ കഴിയൂ.
നിർമാണത്തിന് വനംവകുപ്പ് കനിയണം
യാത്രാസൗകര്യമില്ലാത്ത പതിപ്പള്ളി തെക്കുംഭാഗത്തേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം നാളുകളായി ഉയരുന്നതാണ്. ഇടാട്- അമ്പലം ഭാഗത്ത് നിന്നും പട്ടികവർഗമേഖലയായ പതിപ്പള്ളി തെക്കുംഭാഗം വഴി മൂലമറ്റത്തിനുള്ള റോഡ് പൂർത്തിയാക്കിയാൽ രണ്ട് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും മൂലമറ്റത്തിനുള്ള ദൂരം കുറവായ റോഡായി ഇത് മാറും. രണ്ട്കിലോമീറ്ററോളം റോഡ് വൈദ്യുതി ബോർഡിന്റെ സ്ഥലത്തും ബാക്കി പഞ്ചായത്ത് റോഡുമാണ്. ഇതിനിടെ റോഡിലെ നിർമാണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് തടസ്സം നിൽക്കുന്നത് പ്രദേശത്തുള്ളവരെ ദുരിതത്തിലാക്കുന്നുണ്ട്.
റോഡ് റീബിൽഡ് കേരളയിൽ പെടുത്തി നിർമിക്കാമെന്നു പറഞ്ഞെങ്കിലും വനം വകുപ്പിന്റെ തടസ്സം മൂലം റോഡിന് ആവശ്യത്തിന് വീതി എടുക്കാൻ സാധിക്കാത്തത് പ്രതിസന്ധിയായി. ശ്രമദാനമായി നിർമിച്ച മൺറോഡിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്. ഇപ്പോൾ തെക്കുംഭാഗത്തുള്ളവർ താൽക്കാലികമായി നിർമിച്ച പാലത്തിലൂടെ ഇടാട് എത്തി ഇവിടെ നിന്നാണ് യാത്ര ചെയ്യുന്നത്.
വാഹനങ്ങൾ തെക്കുംഭാഗത്ത് എത്താൻ ഏറെ ബുദ്ധിമുട്ടാണ്. കാലവർഷ കെടുതിയിൽ റോഡ് തകർന്ന് വാഹനങ്ങൾ കടന്നു പോകാൻ കഴിയാത്ത അവസ്ഥയായി. നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് എടാട് നിന്നും പതിപ്പള്ളി തെക്കുംഭാഗത്തിനു വഴി പൂർത്തിയാക്കുകയെന്നത്. ഇത് എന്ന് യാഥാർഥ്യമാകും എന്ന് കാര്യത്തിൽ യാതൊരു ഉറപ്പുമില്ല.
രോഗികളെ ആശുപത്രിയിലെത്തിക്കുന്നത് ചുമന്ന്
അസുഖ ബാധിതരെ യഥാ സമയം ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തത് മൂലം നിരവധി മരണങ്ങൾ മേഖലയിൽ ഉണ്ടായിട്ടുണ്ട്. മരക്കമ്പുകൾ കെട്ടി അതിൽ കസേരയോ കട്ടിലോ സ്ഥാപിച്ചാണ് രോഗികളെ റോഡിലേക്ക് എത്തിക്കുന്നത്. ചെങ്കുത്തായതും കല്ല്- മുള്ളുകൾ നിറഞ്ഞതുമായ ഈ വഴികളിലൂടെ രോഗികളെ ആശുപത്രിയിൽ എത്തിക്കുമ്പോൾ പലപ്പോളും ജീവൻ തന്നെ നഷ്ടപെടുന്ന അവസ്ഥയാണ്. പതിപ്പള്ളി ആദിവാസി മേഖലയിലെ പ്ലസ് ടു വിദ്യാർത്ഥി അർച്ചന സജി മാസങ്ങൾക്ക് മുൻപ് ഇത്തരം ദുരിതങ്ങൾ പങ്കുവെച്ച് കലക്ടർക്ക് കത്ത് എഴുതിരുന്നു.
ഇത് മാധ്യമങ്ങൾ വാർത്ത ആകിയതോടെ കലക്ടർ റിപ്പോർട്ട് ആവശ്യപ്പെടുകയും പ്രതിനിധി സംഘം സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ല. അർച്ചനയുടെ അച്ഛൻ സജിയും അർച്ചനയുടെ അച്ഛന്റെ അമ്മയും 2024 ൽ ആശുപത്രിയിൽ കൃത്യ സമയത്ത് എത്തിക്കാനാവാതെ മരിച്ചു. ഇങ്ങനെ ഒരു അവസ്ഥ മറ്റാർക്കും ഉണ്ടാവാതിരിക്കാനാണ് എഴുതുന്നത് എന്ന അർച്ചന കലക്ടർക്കുള്ള കത്തിൽ കുറിച്ചിരുന്നു. എന്നാൽ കത്ത് എഴുതി മണിക്കൂറുകൾക്ക് ഉള്ളിൽ സമാന അവസ്ഥയിൽ ഒരാൾ കൂടി മരിച്ചു. ആശുപത്രിയിൽ എത്താൻ വൈകിയതിനെ തുടർന്ന് രണ്ട് സ്ത്രീകൾ വഴിയിൽ പ്രസവിച്ച സംഭവവും ഇവിടം ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

