തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം
text_fieldsജില്ല പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന
ജില്ല ആസൂത്രണ സമിതി യോഗം
തൊടുപുഴ: ജില്ലയിലെ എല്ല തദ്ദേശ സ്ഥാപനങ്ങളുടെയും 2026-27 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം. 52 ഗ്രാമപഞ്ചായത്തുകള്‍, എട്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, രണ്ട് നഗരസഭകള്‍, ജില്ല പഞ്ചായത്ത് എന്നിവയുൾപ്പെടെ 63 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളാണ് സമിതി അംഗീകരിച്ചത്.
ജില്ല ആസൂത്രണ സമിതി ചെയര്പേഴ്സൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കിയത്. മെംബര്‍ സെക്രട്ടറിയായ ജില്ല കലക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്, ജില്ല പ്ലാനിങ് ഓഫിസര്‍ ഡോ. പി. പ്രവീണ്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
വെള്ളിയാഴ്ച 33 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളാണ് അംഗീകരിച്ചത്. 5ന് നടന്ന ആസൂത്രണ സമിതിയില്‍ 30 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്ക് അംഗീകാരം ലഭിച്ചിരുന്നു. പദ്ധതി നിര്‍വഹണത്തിന്റെ ഘട്ടത്തിലേക്ക് കടക്കണമെന്നും ഫണ്ടുകള്‍ നഷ്ടപ്പെടുത്താതെ പദ്ധതികള്‍ അതിവേഗം പൂര്‍ത്തിയാക്കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എല്ലാ തദ്ദേശ സ്ഥാപനങ്ങളും പദ്ധതി ചെലവ് 100 ശതമാനത്തിലെത്തിക്കണം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി പ്രവര്‍ത്തിക്കുന്ന അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.
ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. വിവിധ ഗ്രാന്റുകള്‍ ഫലപ്രദമായി വിനിയോഗിക്കണം. പഞ്ചായത്തുകള്‍ തനത് വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തണം. തനത് വരുമാനം തീരെ കുറഞ്ഞ പഞ്ചായത്തുകളുടെ പ്രത്യേക യോഗം വിളിക്കും. പരമാവധി പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. പദ്ധതി പുരോഗതി സംബന്ധിച്ച് ആസൂത്രണ സമിതി വിലയിരുത്തുമെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലയില്‍ മലേറിയ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഓരോ പഞ്ചായത്തുകളും അന്തർ സംസ്ഥാന തൊഴിലാളികളുടെയും അവരെ എത്തിക്കുന്ന ഏജന്റുമാരുടെയും രജിസ്റ്റര്‍ തയാറാക്കണമെന്ന് കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നിര്‍ദേശിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ രജിസ്റ്റര്‍ പരിശോധിച്ച് വാക്സിനേഷന് അടക്കമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും.
ജില്ലയിലെത്തുന്ന ഓരോ അന്തർ സംസ്ഥാന തൊഴിലാളിയുടെയും രക്തസാംപിള്‍ ശേഖരിച്ച് പരിശോധന നടത്തണമെന്നും നിര്‍ദേശിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാര്‍, ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

