ആദിവാസികൾ സ്ഥാപിച്ച ചെക്പോസ്റ്റിനുനേരെ സാമൂഹികവിരുദ്ധ അക്രമണം
text_fieldsഅടിമാലി: ഗ്രാമത്തിെൻറ സുരക്ഷക്കായി ആദിവാസികള്‍ സ്ഥാപിച്ച ചെക്പോസ്റ്റിൽ സാമൂഹികവിരുദ്ധരുടെ ആക്രമണം. മാങ്കുളം പഞ്ചായത്തിലെ താളുംകണ്ടം ആദിവാസി കോളനിയുടെ കവാടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചെക്പോസ്റ്റിനെതിരെയാണ് സാമൂഹികവിരുദ്ധ ആക്രമണം. വ്യാഴാഴ്ച രാത്രി ഓട്ടോയിലെത്തിയ മൂന്നംഗസംഘമാണ് ആക്രമണം നടത്തിയത്. ഇവിടെയുണ്ടായിരുന്ന കാവല്‍ ജീവനക്കാരന് വീട്ടില്‍ പോയതിന് പിന്നാലെയാണ് ആക്രമണം.
കോറോണ മുന്നറിയിപ്പ് ബോര്‍ഡുകളും ബോധവത്കരണ ബോര്‍ഡുകളും നശിപ്പിച്ചു. ഒച്ചകേട്ട് ആദിവാസികള്‍ എത്തിയപ്പോഴേക്കും തകര്‍ക്കാന്‍ എത്തിയവര്‍ രക്ഷപ്പെട്ടു. സംഭവം സംബന്ധിച്ച് ആദിവാസി ഊരുകൂട്ടത്തിെൻറ പരാതിയിൽ മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആറുമാസം മുമ്പാണ് ഇവിടെ ആദിവാസികള്‍ സ്വന്തം നിലക്ക് ചെക്പോസ്റ്റ് സ്ഥാപിച്ചത്. മേഖലയില്‍ കോവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ ഗ്രാമത്തെ സംരക്ഷിക്കുകയെന്നതായിരുന്നു ലക്ഷ്യം.
കൂടാതെ മദ്യ-മയക്കുമരുന്ന് മാഫിയയെ അകറ്റിനിർത്തുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടായിരുന്നു. 8000 രൂപ ശമ്പളത്തിന് ജീവനക്കാരനെയും നിയമിച്ചിരുന്നു. പിരിവെടുത്താണ് ജീവനക്കാരന് ശമ്പളം നല്‍കിയിരുന്നത്. ഇതോടെ ഗ്രാമത്തില്‍ സമാധാനം കൈവന്നെന്ന് വിലയിരുത്തിയതിനിടെയാണ് ആക്രമണം. ചെക്പോസ്റ്റ് സ്ഥാപിച്ചപ്പോള്‍ മുതല്‍ ഇതിനെതിരെ ചിലര്‍ രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ചെക്പോസ്റ്റ് നീക്കംചെയ്യണമെന്ന സമ്മര്‍ദവും ഉണ്ടായി. എന്നാല്‍, ഊരുകൂട്ടത്തിെൻറ ഉറച്ച പിന്തുണയോടെ മുന്നോട്ടുപോവുകയായിരുന്നെന്ന് ഊരുമൂപ്പന് സുരേഷ് മണി പറഞ്ഞു. സംഭവം സബന്ധിച്ച് പൊലീസില്‍ പരാതിനല്‍കി. ട്രൈബല്‍ വകുപ്പും പൊലീസും തങ്ങളുടെ ഈ സംരംഭത്തെ അനുകൂലിച്ചിരുന്നതായും ഊരുമൂപ്പന് പറഞ്ഞു. താളുംകണ്ടത്തിന് പുറമെ കോഴിയള, മൂത്താശ്ശേരി, പുതുക്കുടി എന്നീ ആദിവാസി കോളനികള്‍ക്കും ഇത് പ്രയോജനപ്രദമായിരുന്നു. പകല്‍ സമയത്ത് വാഹനങ്ങളില്‍ എത്തുന്നവരുടെയും അല്ലാത്തവരുടെയും വിവരങ്ങള്‍ ശേഖരിച്ചശേഷമാണ് കോളനിയിലേക്ക് കടത്തിവിടുക. രാത്രി ഒമ്പതിനുശേഷം കുടിയിലേതല്ലാത്തവർക്ക് പ്രവേശനവും ഇല്ലായിരുന്നു. ലഹരിക്കടിമപ്പെട്ട് കുടുംബ കലഹങ്ങളും ഉണ്ടായിട്ടില്ല. ഈ മാറ്റം ലഹരിമാഫികള്ക്ക് കോളനിക്കാരോട് വിരോധത്തിന് കാരണവുമായിരുന്നു. ഇതാകാം ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

