മൂലമറ്റം നിലയത്തിലെ ജനറേറ്ററുകളുടെ വാർഷിക അറ്റകുറ്റപ്പണി ആരംഭിച്ചു
text_fieldsമൂലമറ്റം വൈദ്യുതി നിലയം
മൂലമറ്റം: മൂലമറ്റം വൈദ്യുതി നിലയത്തിലെ ജനറേറ്ററുകളുടെ വാർഷിക അറ്റകുറ്റപ്പണി ആരംഭിച്ചു. അറ്റകുറ്റപ്പണി ആറുമാസം നീളും. പവർ ഹൗസിലെ ആറ് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണി ജൂൺ മുതൽ ഡിസംബർ വരെ കാലയളവിൽ ചെയ്ത് തീർക്കും.
ഓരോമാസവും ഓരോ ജനറേറ്ററുകൾ എന്ന രീതിയിലാണ് അറ്റകുറ്റപ്പണി. മൂന്നാംനമ്പർ ജനറേറ്ററിനാണ് ആദ്യം അറ്റകുറ്റപ്പണി നടത്തുന്നത്.ഇതിന്‍റെ അറ്റകുറ്റപ്പണി ജൂലൈ 16ന് മുമ്പ് പൂർത്തീകരിക്കും. ശേഷം അനുമതി ലഭിക്കുന്ന മുറക്ക് മറ്റ് അഞ്ച് ജനറേറ്ററുകളും നവീകരിക്കും. 130 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് മൂലമറ്റത്തുള്ളത്. ആകെ 780 മെഗാവാട്ട് പദ്ധതിയാണ് മൂലമറ്റം പവർ ഹൗസിലേത്.
അറ്റകുറ്റപ്പണി നടക്കുന്നത് ഒഴികെ അഞ്ച് ജനറേറ്ററുകളും പ്രവർത്തിക്കുന്നുണ്ട്. ഈ സമയത്ത് ഉണ്ടാകുന്ന വൈദ്യുതി ഉൽപാദനത്തിലെ കുറവ് മറ്റ് ചെറുകിട പദ്ധതികളിലെ ഉൽപാദനം വർധിപ്പിച്ച് പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു. മഴക്കാലമായതോടെ മറ്റ് ജലവൈദ്യുതി പദ്ധതികളിൽനിന്ന് കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്നതിനാലും ഉപഭോഗത്തിൽ കുറവ് വരുന്നതിനാലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരില്ല.
ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ മഴ കുറവായിരുന്നു. 10.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
5.87 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളം ഡാമിൽ ഒഴുകിയെത്തിയപ്പോൾ മൂലമറ്റം വൈദ്യുതി നിലയത്തിൽ 5.44 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. ഡാമിൽ സംഭരണശേഷിയുടെ 36 ശതമാനം വെള്ളമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

