അറിഞ്ഞോ...നെടിയശാലക്കാരെല്ലാം ജൈവവളമുണ്ടാക്കുകയാണ്
text_fieldsതൊടുപുഴ: വാര്‍ഡിലെ എല്ലാ വീടുകളിലും ഉറവിട ജൈവമാലിന്യ സംസ്‌കരണോപാധികൾ എത്തിച്ച നെടിയശാല ജൈവവള നിര്‍മാണത്തിലും മാതൃകയാവുന്നു. ഹരിതകേരളം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡിലെ 235 വീടുകളിലാണ് പഞ്ചായത്ത് സൗജന്യമായി ബയോപോട്ടുകള്‍ നല്‍കിയത്. അവയില്‍ 217 വീടുകളിലും ജൈവവളമുണ്ടാക്കുന്നു. വീടുകളിലെ ജൈവമാലിന്യം ഫലപ്രദമായി സംസ്‌കരിക്കുന്നതിനൊപ്പം വിഷരഹിതമായ പച്ചക്കറികളും ഉറപ്പാക്കുകയാണ് നെടിയശാല. കൃഷികള്‍ക്കെല്ലാം വീട്ടിലെ സ്വന്തം വളമാണ് ഉപയോഗിക്കുന്നതെന്ന് വാര്‍ഡ് മെംബര്‍ സിനി ജസ്റ്റിനും ഹരിതകേരളം പ്രവര്‍ത്തക അമലുഷാജുവും വീട്ടന്മമാരും പറയുന്നു. ജൈവമാലിന്യത്തെ ഫലപ്രദമായി സംസ്‌കരിച്ചാണ് സമ്പുഷ്ട വളമാക്കുന്നത്. കോണ്‍ക്രീറ്റ് ബയോപോട്ടുകളെക്കാള്‍ മണ്ണുകൊണ്ടുണ്ടാക്കിയ പോട്ടുകളിലാണ് എളുപ്പം വളമായി മാറുന്നതെന്ന് വീട്ടമ്മ കാഞ്ഞിത്തുങ്കല്‍ ജാന്‍സി പറഞ്ഞു.
കോണ്‍ക്രീറ്റ് പോട്ടില്‍ വളമായി മാറുന്നതിന് കാലതാമസമെടുക്കുന്നു. മാത്രമല്ല വെള്ളത്തിെൻറ അംശം പൂര്‍ണമായി വാര്‍ന്നുപോകുന്നില്ല. എന്നിരുന്നാലും വീട്ടുവളപ്പിലെ 35ലധികം ഗ്രോബാഗുകളിലെ പച്ചക്കറികൃഷിക്ക് ഈവളം തന്നെയാണ് ഉപയോഗിച്ചതെന്ന് അവർ പറഞ്ഞു. വീട്ടില്‍ സ്വന്തം നിലയിലുണ്ടാക്കിയ ജൈവമാലിന്യ സംസ്‌കരണോപാധിയാണ് ഉപയോഗിക്കുന്നതെന്ന് വാര്‍ഡ് മെംബര്‍ സിനി പറഞ്ഞു.
വിഷമില്ലാത്ത പച്ചക്കറിയാണ് എല്ലാ വീടുകളിലുമെന്നത് വലിയ സന്തോഷമാണ്. മാലിന്യ സംസ്‌കരണ ഉപാധി ഒരുമീറ്റര്‍ നീളത്തിലും വീതിയിലും സിമൻറ് കട്ട ഉപയോഗിച്ച് കെട്ടിയുണ്ടാക്കുകയായിരുന്നു. രണ്ട് അറകളാണുണ്ടാക്കിയത്. രണ്ട് അറകളും മാറിമാറിയാണ് ഉപയോഗിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍ക്കൊപ്പം വീടും പരിസരവും അടിച്ചുവാരുന്നതും കരിയിലകളുമെല്ലാം നിക്ഷേപിക്കും. പ്ലാസ്റ്റിക്കും മറ്റ് അജൈവ വസ്തുക്കളും ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കും. ഒരു അറയില്‍ മാലിന്യം പകുതിയാകുമ്പോള്‍ അടുത്ത അറയില്‍ ഇട്ടുതുടങ്ങും. ഒരുമാസമാകുമ്പോഴേക്കും ആദ്യത്തെ അറയിലെ മാലിന്യം നല്ലവളമായിട്ടുണ്ടാകും. അവ കോരിയെടുത്ത് കൃഷിക്കിടും. മാസം 20 കിലോയോളം ജൈവവളം ലഭിക്കുന്നു. ഇഞ്ചി, മഞ്ഞള്‍, വാഴ, പച്ചക്കറിത്തോട്ടം എന്നിവയിലെല്ലാം ഈ വളമാണ് ഉപയോഗിക്കുന്നത്. മാലിന്യസംസ്‌കരണ ഉപാധികള്‍ നല്‍കിയതോടെ വലിച്ചെറിയാനുള്ള പ്രവണതയും ഇല്ലാതായെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

