കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്
text_fieldsപരിക്കേറ്റ മധു
അടിമാലി: ചിന്നക്കനാൽ സിങ്കുകണ്ടത്ത് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ യുവാവിനെ ആക്രമിച്ചു. കൊച്ചുതൈയ്യിൽ മധു (47) വിനാണ് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റത്. ഞായറാഴ്ച രാത്രി 12 നാണ് കൃഷിയിടത്തിൽ ആന ഇറങ്ങിയ വിവരം ബന്ധുവായ സൗന്ദർ ഫോണിൽ വിളിച്ച് അറിയിക്കുന്നത്. സൗന്ദറിന്റെ കൃഷിയിടത്തോട് ചേർന്നാണ് മധുവിന്റെയും കൃഷി സ്ഥലം.
വീട്ടിൽ നിന്നും 400 മീറ്റർ അകലെയുള്ള കൃഷി സ്ഥലത്തേക്ക് വാഹനത്തിലാണ് മധു പോയത്. ഇവിടെ എത്തിയശേഷം വാഹനത്തിൽനിന്ന് ഇറങ്ങി നടക്കുന്നതിനിടെ വേലിക്കരികിൽ പതുങ്ങി നിന്ന കാട്ടാന തുമ്പിക്കൈ കൊണ്ട് മധുവിനെ തട്ടിയിട്ടു. സമീപത്തെ പാറക്കെട്ടിലേക്ക് തെറിച്ചുവീണ മധു രക്ഷപ്പെടാനായി പാറക്കെട്ടിലൂടെ ഉരുണ്ടു നീങ്ങി. കാട്ടാന മടങ്ങിപ്പോയതിനാൽ തലനാരിഴക്കാണ് മധു രക്ഷപ്പെട്ടത്. ശബ്ദം കേട്ട് എത്തിയ സൗന്ദർ നാട്ടുകാരുടെ സഹായത്തോടെ മധുവിനെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മുഖത്തും കൈകാലുകൾക്കും പരിക്കേറ്റ മധുവിനെ സന്ദർശിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തര ചികിത്സാ സഹായമായി 5000 രൂപ കൈമാറി. പ്രദേശത്ത് കാട്ടാന ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

