കാട്ടാനക്കലി തുടരുന്നു; തെരുവിലിറങ്ങി ജനം
text_fieldsഅടിമാലി: തോട്ടം മേഖലയെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടങ്ങളുടെ വിളയാട്ടം തുടരുന്നു. ഓരോ അത്യാഹിതങ്ങൾ നടക്കുമ്പോഴും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും അധികൃതർ പരിഹരിക്കുമെന്ന് ഉറപ്പും നൽകുന്നതല്ലാതെ മേഖലകളിൽ കാട്ടാന ഭീതി ഒഴിയുന്നില്ല. മൂന്ന് മാസത്തിനിടെ വിവിധ ഇടങ്ങളിൽ പൊലിഞ്ഞത് നാല് ജീവനുകളാണ്.
ബുധനാഴ്ച പുലർച്ച ആറോടെ പന്തടിക്കുളം സ്വദേശി വിജയനാണ് (47) കാട്ടാന ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. വിജയന്‍റെ മകന് ജോലിയും മേഖലയിൽ വനം വകുപ്പിന്‍റെ ആർ.ആർ ടീം പ്രവർത്തനവും നഷ്ടപരിഹാരവും ഇനിയും കാട്ടാനകൾ ജനവാസ മേഖലയിൽ എത്തുകയില്ലെന്ന ഉറപ്പും ലഭിച്ചതോടെയാണ് മൃതദേഹം വിട്ടുനൽകാൻ ബന്ധുക്കൾ അടക്കമുള്ളവർ തീരുമാനമെടുത്തത്.
2003ലാണ് സർക്കാർ ഒരേക്കർ ഭൂമി നൽകി വിജയൻ ഉൾപ്പെടെയുള്ള ആദിവാസികളെ ഇവിടെ താമസിപ്പിച്ചത്. അന്ന് മുതൽ ഇവിടെ കാട്ടാനശല്യവും ഉണ്ട്. പലകുറി ഈ പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യം നാട്ടുകാർ തുടരുന്നുണ്ടെങ്കിലും പരിഹാരം മാത്രം ഉണ്ടാകുന്നില്ല. സ്വകാര്യ വ്യക്തികളും തോട്ടം ഉടമകളും തങ്ങളുടെ കൃഷിടങ്ങളിൽ സംരക്ഷണമൊരുക്കാൻ വൈദ്യുതി വേലികൾ തീർത്തിരിക്കുന്നതിനാൽ പലയിടങ്ങളിലും ആനത്താരകളടക്കം ഇല്ലാതായതാണ് കാട്ടാനശല്യം രൂക്ഷമാക്കാൻ ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടുന്നു.
നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് ആക്ഷേപം
കാട്ടാനകൾമൂലം ജീവൻ നഷ്ടമാകുന്നവരുടെ ഉറ്റവർക്ക് നഷ്ടപരിഹാരം ലഭിക്കുമെങ്കിലും കൃഷി നശിച്ച കർഷകർക്ക് നഷ്‌ടപരിഹാരം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. പട്ടയവസ്തു ഇല്ലാത്തതാണ് ഇതിന് കാരണം.
സി.എച്ച്.ആർ മേഖലയിൽ കുത്തക പാട്ടമാണുള്ളത്. ഇത്തരം കൃഷിയിടങ്ങളിൽ കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. എന്നാൽ, നഷ്‌ടപരിഹാരം മാത്രം ലഭിക്കുന്നില്ല. പട്ടയവസ്തുവാണെങ്കിലും തുച്ഛമായ തുക മാത്രമാണ് ലഭിക്കുക. കാർഷിക മേഖലയിലെ കുടിയേറ്റ കർഷകരും ആദിവാസി വിഭാഗത്തിൽപെട്ടവരും സമാന പ്രതിസന്ധി നേരിടുന്നു.
ആർ.ആർ ടീമിന്റെ പ്രവർത്തനം ചിന്നക്കനാലിൽ മാത്രം
സ്‌കൂളിൽ മക്കളെ അയക്കാൻ വന്ന വീട്ടമ്മ കാട്ടാന ആക്രമണത്തിൽ കൊലപ്പെട്ടതോടെ സർക്കാർ രൂപവത്കരിച്ച പുതിയ ആർ.ആർ ടീമിന്റെ പ്രവർത്തനം ചിന്നക്കനാലിൽ മാത്രമാണ്. ശാന്തൻപാറ മേഖലയിൽ മാത്രം അടുത്തിടെ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് ഈ ആവശ്യം ഉയരാൻ കാരണം.
അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ മാത്രമാണ് ചില പ്രഖ്യാപനങ്ങൾ ഉണ്ടാകുന്നത്. പിന്നീട് എല്ലാം മറക്കുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവം. പേത്തൊട്ടി അയ്യൻപാറക്ക് സമീപം അന്തർ സംസ്ഥാന തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശി ശിവകുമാർ, അതിന് മുമ്പ് തമിഴ്നാട് സ്വദേശി ഒച്ചപ്പൻ, മാരിയമ്മാൾ എന്നിവരാണ് കാട്ടാന ആക്രമണത്തിൽ മൂന്ന് മാസത്തിനിടെ കൊല്ലപ്പെട്ട മറ്റുള്ളവർ.
എവിടെ തിരിഞ്ഞാലും കൺമുന്നിൽ കാട്ടാനയോ കടുവയോ പ്രത്യക്ഷപ്പെടാൻ സാധ്യത കൂടുതലായതിനാൽ തൊഴിലിന് പോകാൻ പോലും പലർക്കും ഭയമാണ്. വളർത്തുമൃഗങ്ങളെ പോലെ ജനവാസ മേഖലയിൽ ചുറ്റിത്തിരിയുകയാണ് കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങൾ.
പ്രശ്നക്കാരായ കാട്ടാനകൾ മൂന്ന്
അടിമാലി: ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ പ്രശ്നക്കാരായ കാട്ടാനകൾ മൂന്നെണ്ണമാണ്. ചക്കക്കൊമ്പൻ, മുറിവാലൻ, തമിഴ്‌നാട്ടിൽനിന്ന് എത്തുന്ന മോഴയാന എന്നിവയാണ് മേഖലയിൽ സ്ഥിരം പ്രശ്‌നക്കാരെന്ന് നാട്ടുകാർ പറയുന്നു. ഇവയെ അരിക്കൊമ്പനെ പിടിച്ച് നാടുകടത്തിയ മാതൃകയിൽ നാടുകടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

