വാളറയിൽ കാട്ടാനകളുടെ സംഹാര താണ്ഡവം തുടരുന്നു; വ്യാപക കൃഷിനാശം
text_fieldsഅടിമാലി: വാളറ മേഖലയിൽ കാട്ടാനകൂട്ടങ്ങളുടെ ശല്യം വർധിച്ചതോടെ ജനം ഭീതിയിൽ. കുളമാം കുഴി, പാട്ടയടമ്പ്, കമ്പിലൈൻ, ചീയപ്പാറ, കാഞ്ഞിര വേലി എന്നിവിടങ്ങളിൽ രണ്ടാഴ്ചയിലേറെയായി കാട്ടാനകൾ വ്യാപക നാശമാണ് വിതക്കുന്നത്. 15 ഹെക്‌ടറോളം സ്ഥലത്തെ കൃഷി നശിപ്പിച്ചെന്നാണ് വിവരം. തെങ്ങ്, കമുക്, വാഴ, ഏലം എന്ന് വേണ്ട എല്ലാത്തരം കൃഷിയും കാട്ടാന കൂട്ടങ്ങൾ നശിപ്പിക്കുകയാണ്. ആദിവാസികളുടെ ഭൂമിക്കടക്കം പട്ടയങ്ങൾ കുറവായതിനാൽ കൃഷി നശിപ്പിക്കപ്പെടുന്ന കർഷകർക്ക് അർഹമായ നഷ്‌ടപരിഹാരങ്ങൾ ഒന്നും ലഭിക്കുന്നുമില്ല.
കഴിഞ്ഞ രണ്ടു ദിവസമായി കുളമാംകുഴി ഉന്നതിയിൽ മനോജ് ശിവദാസിന്റെ പുരയിടത്തിൽ കാട്ടാനക്കൂട്ടം കയറി കപ്പ, കൊക്കോ, കമുക്, കൊടി എന്നിവ നശിപ്പിച്ചിരിക്കുന്നതായും ഇത് സംബന്ധിച്ച് വാളറ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചിട്ടും ആരും എത്തിയില്ലെന്നും നാട്ടുകാർ പറയുന്നു. നേരത്തെ കാട്ടാന ശല്യത്തിനെതിരെ ജനങ്ങൾ ദേശീയപാത ഉപരോധ സമരം ഉൾപ്പെടെ നടത്തിയിരുന്നു. തുടർന്ന് വനം വകുപ്പിന്‍റെ ആർ.ആർ.ടീം എത്തി ചെറിയ പരിഹാരം കണ്ടിരുന്നു. ഇതിന് ശേഷം തകരാറിലായ ഫെൻസിങ് നാട്ടുകാരുടെ സഹായത്താൽ കുറച്ചൊക്കെ ശരിയാക്കിയെങ്കിലും ഇവയൊക്കെ ഇപ്പോൾ തകരാറിലായതാണ് കാട്ടാന ശല്യം രൂക്ഷമാകാൻ കാരണം.
കമ്പിലൈനിൽ ചേലാട്ട് എൽദോസ്, തൊപ്പിക്കുടിയിൽ പോൾ, പാറേക്കാട്ട് സൈനുദീൻ, പേപ്പതിയിൽ രാജൻ എന്നിവരുടെ കൃഷിയിടങ്ങളിലാണ് വ്യാപക നാശം ഉണ്ടാക്കിയത്. കാഞ്ഞിര വേലിയിൽ ഏഴു കാട്ടാനകളടങ്ങിയ കൂട്ടം ജനവാസ മേഖലയിൽ നിന്ന് പോകാതെ നിൽക്കുകയാണ്. തോട്ടിയാർ പദ്ധതി മേഖല, ദേവിയാർ പുഴയോര മേഖല എന്നിവിടങ്ങളിലാണ് കൂടുതലായി തമ്പടിച്ചിരിക്കുന്നത്.
വൈകിട്ട് അഞ്ചു കഴിഞ്ഞാൽ ഇവിടത്തുകാർ എല്ലാവരും വീട്ടിൽ കയറും. കപ്പ, വാഴ തുടങ്ങിയ തന്നാണ്ട് വിളകൾ ഒന്നും ഇവിടത്തെ കൃഷിയില്ല. ക്ഷീര കർഷകരും പശു വളർത്തൽ ഉപേക്ഷിച്ചു. പാൽ സൊസൈറ്റിയിൽ എത്തിക്കാൻ കഴിയാത്തതാണ് കാരണം. കുട്ടികളെ സ്‌കൂളിൽ വിടാനായി രക്ഷകർത്താക്കൾ സംഘടിച്ച് കൂട്ടമായാണ് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

