ഇടമലക്കുടിയിൽ വന്യമൃഗശല്യം രൂക്ഷം; വീട് തകർത്തു, വ്യാപകകൃഷി നാശം
text_fieldsഅടിമാലി: സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ വന്യമൃഗശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റതിന് പിന്നാലെ കാട്ടാനകൾ വ്യാപക നാശമാണ് ഇവിടെ ഉണ്ടാക്കുന്നത്.
വ്യാഴാഴ്ച ഒരു വീട് തകർക്കുകയും ഹെക്ടർകണക്കിന് കൃഷി നശിപ്പിക്കുകയും ചെയ്തു. നാല് വശങ്ങളും നിബിഡവനത്തിൽ ചുറ്റപ്പെട്ടുകിടക്കുന്ന പഞ്ചായത്തിൽ വന്യമൃഗങ്ങൾ വ്യാപക നാശമാണ് വിതക്കുന്നത്.
വന്യമൃഗങ്ങൾ തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാക്കാത്ത വിതത്തിൽ ഓരോ ആദിവാസി ഉന്നതികളുടെ ചുറ്റിനും കിടങ്ങുകളും സോളാർ വൈദ്യുതി വേലികളും ഉണ്ടാക്കണമെന്ന ആവശ്യത്തിന് സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ആറ് മാസത്തിനിടെ കാട്ടുപോത്തുകളുടെ ആക്രമണത്തിൽ മാത്രം മൂന്ന് പേർക്കാണ് പരിക്കേറ്റത്. 20 ലേറെ വീടുകളും തകർത്തു.
കൂടാതെ സ്കൂൾ, അംഗൻവാടി, വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റൽ തുടങ്ങി വലിയ നാശമാണ് കാട്ടാനകൾ ഉണ്ടാക്കുന്നത്. വേനൽ കടുത്തതോടെയാണ് ഇടമലക്കുടിയിലെ പല ഉന്നതികളിലും വന്യമൃഗശല്യം രൂക്ഷമായിരിക്കുന്നത്. മുഖ്യകൃഷിയായ ഏലംകൃഷിയാണ് കാട്ടാനകൾ കൂടുതൽ നശിപ്പിക്കുന്നത്. കാര്യമായ ഗതാഗതസൗകര്യങ്ങൾ ഒന്നുമില്ലാത്ത ഇവിടെ ഒരു ഉന്നതിയിൽനിന്ന് അടുത്ത ഉന്നതിയിലേക്ക് എത്താൻ ഒന്നു മുതൽ രണ്ടുമണിക്കൂർവരെ യാത്ര ചെയ്യണം.
അടിസ്ഥാന സൗകര്യവികസനം ഇല്ലാത്തതും മെച്ചപ്പെട്ട ആരോഗ്യ സംവിധാനം ഇല്ലാത്തതും പല ഇടങ്ങളിലും പകർച്ചവ്യാതികൾ വ്യാപിക്കാനും ഇടവരുത്തുന്നു. ഇപ്പോൾ വന്യമൃഗങ്ങളെ ഭയന്ന് ഉറക്കമില്ലാതെ കാത്തിരിക്കേണ്ട ഗതികേടിലാണ് ആദിവാസി സമൂഹം. കഴിഞ്ഞ ദിവസം സേതുവിനാണ് കാട്ടുപോത്ത് ആക്രമണത്തിൽ പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
അടിയന്തര ശ്രദ്ധ വേണം
അടിമാലി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തി ഓരോ കുടിക്ക് ചുറ്റുമുള്ള കുറ്റിക്കാടുകൾ വെട്ടിത്തെളിക്കാനും എലിഫന്റ് ട്രഞ്ച് നിർമിക്കാനും ആവശ്യമായ നടപടി സ്വീകരിക്കണം.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വനം വകുപ്പിന് വലിയ ഉത്തരവാദിത്തമുണ്ട്. അതിനാൽ വനം വകുപ്പിൽനിന്ന് ആവശ്യമായ ഫണ്ടുകൾ ലഭ്യമാക്കി ശാശ്വത സുരക്ഷാ സംവിധാനങ്ങൾ ഓരോ കുടിയിലും ഒരുക്കണം. പഞ്ചായത്ത് ഭരണസമിതി വിഷയം ഗൗരവമായി പരിഗണിച്ച് ആവശ്യമായ നിയമനടപടി സ്വീകരിക്കാനും ഫണ്ടുകൾ അനുവദിക്കാനും ജനപ്രതിനിധികളും സജീവമായി മുന്നിട്ടിറങ്ങണം. പഞ്ചായത്ത് ഓഫിസിന് ചുറ്റുമുള്ള പ്രദേശങ്ങളിലും കുടികൾക്ക് സമീപമുള്ള കുറ്റിക്കാടുകളും അടിയന്തരമായി വെട്ടിത്തെളിക്കണം. വന്യമൃഗങ്ങൾ ഒളിച്ചിരിക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

