പച്ചക്കറി വിലയിൽ കുതിപ്പ്: തക്കാളി, ബീന്‍സ്, കാരറ്റ്, പച്ചമുളക് തുടങ്ങിയവക്കാണ് വില കത്തിക്കയറിയത്
text_fieldsഅടിമാലി: ഒരിടവേളക്കുശേഷം വീണ്ടും പച്ചക്കറിവില ഉയർന്നുതുടങ്ങി. ഒരാഴ്ചക്കിടെ തക്കാളിക്ക് ഇരട്ടിയിലേറെയാണ് വില ഉയര്‍ന്നത്. അരി ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില ഉയര്‍ന്നതോടെ ജനജീവിതം കൂടുതല്‍ ദുസ്സഹമാണ്. തക്കാളി, ബീന്‍സ്, കാരറ്റ്, പച്ചമുളക് തുടങ്ങിയവക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില കത്തിക്കയറിയത്.
മറ്റിനം പച്ചക്കറികളുടെ വിലയിലും കാര്യമായ മാറ്റമുണ്ട്. രണ്ടാഴ്ചക്കുള്ളിലാണ് വിലയില്‍ വലിയ തോതിലുള്ള വര്‍ധന ഉണ്ടായത്. കിലോക്ക് 40 രൂപ ഉണ്ടായിരുന്ന ബീന്‍സിന് 80ഉം 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് 90ഉം രൂപയായി ഉയർന്നു. ചെറുനാരങ്ങയുടെ വില 150നുമുകളിലാണ്. പച്ചമുളകിന് 120 രൂപയെത്തി. പാവക്ക 70, പയര്‍ 50, വെണ്ടക്ക 50, വഴുതന 40, കാബേജ് 50, കാരറ്റ് 70, ബീറ്റ്റൂട്ട് 40 എന്നിങ്ങനെ പോകുന്നു പച്ചക്കറി വില. രണ്ടാഴ്ച മുമ്പുള്ളതിനേക്കാൾ ഇരട്ടിയിലേറെയാണ് വില. മിതമായ വില ഉണ്ടായിരുന്നപ്പോള്‍ അത്യാവശ്യം കച്ചവടവുമുണ്ടായിരുന്നെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലെ വിലവര്‍ധന കച്ചവടത്തെ ബാധിച്ചു. കുറഞ്ഞ അളവിലാണ് ആളുകള്‍ പച്ചക്കറികള്‍ വാങ്ങുന്നത്. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നാണ് ജില്ലയിലേക്ക് പച്ചക്കറി എത്തുന്നത്. അവിടെ ഉൽപാദനം കുറഞ്ഞതാണ് വിലവര്‍ധനക്ക് കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു.
ആദ്യം ജലക്ഷാമം കാരണം കര്‍ണാടകയിലും തമിഴ്‌നാട്ടിലുമെല്ലാം കൃഷി നനക്കാന്‍ സാധിക്കാതെയായി. ഇത് ഉൽപാദനം കുറയാന്‍ കാരണമായി. കര്‍ണാടകയില്‍ ദിവസങ്ങള്‍ക്കുമുമ്പ് തുടര്‍ച്ചയായി പെയ്ത മഴ കൃഷിനാശത്തിനും കാരണമായി. ജില്ലയില്‍ വട്ടവടയിലാണ് പ്രധാനമായി പച്ചക്കറി കൃഷിയുള്ളത്. ഇവിടെയും ഉല്പാദനം വളരെ കുറവായിരുന്നു. പകല്‍സമയത്തെ ശക്തമായചൂട് പച്ചക്കറി കച്ചവടത്തെ സാരമായി ബാധിക്കുന്നുണ്ട്.
തക്കാളി, വെണ്ടക്ക, മല്ലിച്ചപ്പ്, ബീന്‍സ് തുടങ്ങിയവയൊക്കെ വേഗത്തില്‍ കേടായിപ്പോകുന്നതായി കച്ചവടക്കാര്‍ പറഞ്ഞു. പച്ചക്കറി വാടിപ്പോയാല്‍ ആവശ്യക്കാരില്ലാതാവും. ഇത് കച്ചവടക്കാര്‍ക്ക് നഷ്ടമുണ്ടാക്കും. അരി ഉൾപ്പെടെ പലവ്യഞ്ജനത്തിന്‍റെ വിലയും ക്രമാതീതമായി ഉയരുകയാണ്. കോഴി, മത്സ്യം എന്നിവയുടെ വിലയും ഉയർന്നുതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

