ഉടുമ്പന്‍ചോല-ചേരിയാര്‍: രാത്രി യാത്ര നിരോധിച്ചു
text_fieldsഅടിമാലി: ഉടുമ്പന്‍ചോല താലൂക്കിലെ ശാന്തന്‍പാറ, ചതുരംഗപ്പാറ വില്ലേജുകളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലുകളിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ മൂന്നാർ-കുമളി സംസ്ഥാനപാതയിൽ ഉടുമ്പന്‍ചോല മുതൽ ചേരിയാർ വരെ രാത്രി യാത്ര നിരോധിച്ചു.
വൈകീട്ട് ഏഴു മുതൽ രാവിലെ ആറു വരെയാണ് നിരോധനം. കലക്ടർ ഷീബ ജോര്‍ജാണ് ഉത്തരവ് പുറത്തിറക്കിയത്. നിരോധന കാലയളവിൽ യാത്രക്കാര്‍ക്ക് ഇതിന് സമാന്തരമായ മറ്റ് പാതകൾ ഉപയോഗിക്കാം. ഈ ഭാഗത്ത് ഉരുള്‍പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ ദുരന്തസാഹചര്യം ഒഴിവാക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് മേഖലയിലൂടെ രാത്രി യാത്ര നിയന്ത്രിച്ചതെന്ന് കലക്ടർ അറിയിച്ചു.

