ഭക്ഷണം അളവ് കുറഞ്ഞു; സഞ്ചാരികളും ഹോട്ടൽ ജീവനക്കാരും ഏറ്റുമുട്ടി
text_fieldsഅടിമാലി: ഭക്ഷണം നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ സഞ്ചാരികളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘർഷം. അടിമാലിയിൽ ദേശീയപാതയുടെ സമീപത്ത് പ്രവർക്കുന്ന ഹോട്ടലിലാണ് സംഭവം. ഹോട്ടലിലെ സൂപ്പർവൈസർ അടിമാലി സ്വദേശി നിഷാദ് (30), മറ്റ് ജീവനക്കാരായ അനന്തു (27), ബംഗാൾ സ്വദേശി മുർഷിദുൽ ഇസ്‌ലാം (28) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ നിഷാദിനെ എറണാകുളം രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ഒറ്റപ്പാലം പാലപ്പുറം അപ്പോക്കാട്ട് അരുൺ സോമൻ (24), പാലപ്പുറം കരിക്കലകത്ത് വീട്ടിൽ മുഹമ്മദ് റിസാൻ അബൂബക്കർ (19), ഒറ്റപ്പാലം ലക്കിടി മുളന്നൂർ നെച്ചിങ്ങതൊടി വീട്ടിൽ അലി അശൂർ ഹസ്സൻകോയ (19 ) എന്നിവരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. മൂന്നാർ സന്ദർശനം കഴിഞ്ഞ് തിരികെ പോകുംവഴി ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്താണ് സഞ്ചാരികൾ ഹോട്ടലിൽ എത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെ അളവ് കുറഞ്ഞതടക്കമുള്ള കാര്യങ്ങൾ സഞ്ചാരികൾ ചോദ്യം ചെയ്യുകയും പണം കുറച്ച് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇതോടെ ജീവനക്കാരും ഭക്ഷണം കഴിക്കാൻ എത്തിയവരും തമ്മിൽ തർക്കമായി. ഹോട്ടലിന് പുറത്തേക്കും ഇത് നീണ്ടു. ഹോട്ടലിന്‍റെ തന്നെ ടൂറിസ്റ്റ് ഹോമിലേക്കുള്ള പാതയുടെ ഇടനാഴിയിൽ എത്തിയതോടെ ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും തമ്മിൽ കൈയാങ്കളിയായി. തുടർന്നുണ്ടായ സംഘട്ടനത്തിലാണ് ജീവനക്കാർക്ക് പരിക്കേറ്റത്. സംഭവത്തിൽ തങ്ങൾക്കും മർദനമേറ്റതായി സഞ്ചാരികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അനേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

