സ്കൂളിൽ കുടിവെള്ളമില്ല; പരാതിയുമായി പി.ടി.എ
text_fieldsഅടിമാലി: വെള്ളത്തൂവൽ ഹയർ സെക്കൻഡറി സ്കൂളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം തേടി സ്കൂൾ പി.ടി.എ അദാലത്തിൽ പരാതിനൽകി. ഒന്നാംക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെ 600ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 2018ലെ പ്രളയത്തിൽ സ്കൂളിലെ കുളവും പൈപ്പുകളും മോട്ടോർ പുരയും നശിച്ചു. ഇതിന് പരിഹാരം ആവശ്യപ്പെട്ട് പഞ്ചായത്ത് ഉൾപ്പെടെ പല ഏജൻസികളെയും സമീപിച്ചു. ഒരു നടപടിയും ഉണ്ടായില്ല. ഇതോടെയാണ് അദാലത്തിൽ അപേക്ഷയുമായി എത്തിയത്.
നിലവിൽ വൈദ്യുതി ബോർഡിന്റെ സർജ് കുന്നിലെ പൈപ്പിൽനിന്നാണ് വെള്ളം എടുത്തിരുന്നത്. ചെങ്കുളത്തെ പെൻസ്റ്റോക്ക് പൈപ്പ് മാറ്റുന്നതിനാൽ നിലവിൽ ലഭിച്ചുകൊണ്ടിരുന്ന വെള്ളവും ഇല്ലാതായി. ഇപ്പോൾ സ്കൂളിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽനിന്നാണ് കുടിവെള്ളം എടുക്കുന്നത്. വേനൽ കടുത്തതോടെ ഇവിടെയും ആവശ്യത്തിന് വെള്ളമില്ല. ഇതോടെയാണ് ഇവർ അദാലത്തിൽ അപേക്ഷയുമായി എത്തിയത്.

