അടിമാലിയിൽ വന്യമൃഗങ്ങൾ കൂടുതൽ മേഖലകളിലേക്ക്; തടയാൻ നടപടികളില്ല
text_fieldsrepresentational image
അടിമാലി: ദേവികുളം താലൂക്കിലെ വനാതിർത്തി പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമാകുന്നു. രാത്രിയിലെത്തുന്ന കാട്ടുപന്നി, കാട്ടാനക്കൂട്ടങ്ങൾ കൃഷികളെല്ലാം പാടേ നശിപ്പിക്കുകയാണ്. ആനയും പന്നിയുമെല്ലാം കൂടുതൽ മേഖലകളിലേക്ക് കടന്നുകയറുന്നു. വരുമാന മാർഗമില്ലാതെ കർഷകർ പൊറുതിമുട്ടുമ്പോഴും പരിഹാര നടപടികളില്ലാതെ വനംവകുപ്പ് അലംഭാവം തുടരുന്നതിൽ വ്യാപക പ്രതിഷേധമുണ്ട്. കഴിഞ്ഞ ദിവസം കാഞ്ഞിരവേലിയിൽ വർഗീസിന്റെ കൃഷി ആനകൾ നശിപ്പിച്ചു. സമീപത്തെ മറ്റൊരു കർഷകന്റെ കൃഷിയിടത്തിലും ആനകളുടെ വിളയാട്ടം ഉണ്ടായി. തെങ്ങ്, വാഴ കൃഷികൾ പൂർണമായി നശിച്ചു. പാട്ടയമ്പ്കുടിയിൽ സാജുവിന്റെ കൃഷിയും നശിപ്പിച്ചു. ആറുമാസത്തിനിടെ പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ട്.
പെരിയാർ കടന്നെത്തുന്ന കാട്ടാനകൾ നേര്യമംഗലം, ഊന്നുകൽ മേഖലയിലും ഭീഷണിയാണ്. കഴിഞ്ഞ ദിവസം നേര്യമംഗലം റേഞ്ച് ഓഫിസിന് മുന്നിലും ആനകൾ നിലയുറപ്പിച്ചിരുന്നു. ദേശീയപാത മുറിച്ചുകടന്ന ഇവ യാത്രക്കാർക്ക് ഭീഷണിയായിരുന്നു. ഇഞ്ചത്തൊട്ടി കമ്പിലൈൻ മേഖലയിലും കാട്ടാനശല്യം രൂക്ഷമാണ്.
യാത്രക്കാർക്കും സമീപവാസികൾക്കും കാട്ടാനശല്യം പേടിസ്വപ്നമാണ്. താലൂക്കിലെ 13 പഞ്ചായത്തുകളിൽ കാട്ടാന ശല്യമുണ്ട്. വനാതിർത്തി മേഖലകളിലെല്ലാം ആന, പന്നി ഉൾപ്പെടെ വന്യമൃഗശല്യം വർധിച്ചുവരുകയാണ്. കൂടുതൽ ഇടങ്ങളിലേക്ക് വന്യമൃഗങ്ങൾ എത്തുന്നു. തടയാൻ പലയിടങ്ങളിലും വൈദ്യുതിവേലി സ്ഥാപിച്ചെങ്കിലും ആനകൾതന്നെ എല്ലാം നശിപ്പിച്ചു. ശാശ്വത പരിഹാരത്തിനായി ഹാങ്ങിങ് ഫെൻസിങ്, ട്രഞ്ച് തുടങ്ങിയ നിർദേശങ്ങളുണ്ടെങ്കിലും ഇതെല്ലാം അധികൃതരുടെ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

