രാത്രിയുടെ മറവിൽ പന്നി കടത്ത്; വാഹനം പിന്തുടർന്ന് പിടികൂടി
text_fieldsമൃഗസംരക്ഷണ വകുപ്പ് പിടികൂടിയ പന്നിയെ കടത്തിയ വാഹനം
അടിമാലി: സർക്കാർ ഉത്തരവ് മറികടന്ന് രാത്രിയുടെ മറവില്‍ പന്നിയെ കടത്തിയ വാഹനം മൃഗസംരക്ഷണ വകുപ്പ് അധികൃതർ പിന്തുടര്‍ന്ന് പിടികൂടി. പന്നിപ്പനി കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അതിര്‍ത്തിവഴി പന്നികളെയോ മാംസമോ കടത്തരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.
ജില്ലയിൽ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ചെക്ക്‌പോസ്റ്റുകളില്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധന കര്‍ശനമാക്കിയിരുന്നു. പുലര്‍ച്ച പിക്അപ് വാഹനത്തില്‍ വാഴയിലകൊണ്ട് മറ ഉണ്ടാക്കി ഇതിനുള്ളില്‍ പന്നികളെ കടത്തിയ വാഹനമാണ് പിടിയിലായത്. വാഴക്കുലയാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് വാഴയിലകൊണ്ട് മറ ഉണ്ടാക്കിയത്.
ബോഡിമെട്ടില്‍ വാഹന പരിശോധനക്ക് കെട്ടിടമോ ചെക്‌പോസ്റ്റോ മൃഗസംരക്ഷണ വകുപ്പിനില്ല. പുലര്‍ച്ച നാലോടെ ഇവിടെ നിരീക്ഷണം നടത്തിവന്ന ഉദ്യോഗസ്ഥരാണ് വാഹനം പിടികൂടിയത്. വാഹനത്തില്‍നിന്ന് പന്നിയുടെ കരച്ചില്‍ കേട്ട ഉദ്യോഗസ്ഥര്‍ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പിടികൂടിയത്.
തമിഴ്‌നാട് ബോഡിനായ്ക്കന്നൂരില്‍നിന്ന് മാങ്കുളത്തേക്ക് കൊണ്ടുപോകുകയായിരുന്ന പത്തോളം പന്നികളാണ് ഉണ്ടായിരുന്നത്. കടത്തിക്കൊണ്ടുവന്നവരെ പിന്നീട് താക്കീത് നല്‍കി തിരിച്ചയച്ചു. ലൈവ്‌സ്റ്റോക് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍, അറ്റൻഡര്‍ ഷൈജു എന്നിവരാണ് വാഹനം പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

