വേനൽ കടുത്തു, നീർച്ചാലായി വെള്ളച്ചാട്ടങ്ങൾ; വിനോദസഞ്ചാരികള്‍ക്ക് നിരാശ
text_fieldsവറ്റിവരണ്ട് തുടങ്ങിയ ചീയപ്പാറ വെള്ളച്ചാട്ടം
അടിമാലി: വേനൽ കടുത്തതോടെ വെള്ളച്ചാട്ടങ്ങളിലെ നീരൊഴുക്ക് കുറഞ്ഞത് വിനോദസഞ്ചാരികൾക്ക് തിരിച്ചടിയായി. മൂന്നാറിലെ തണുപ്പ് തേടിയെത്തുന്ന സഞ്ചാരികള്‍ക്ക് നിരാശ നല്‍കുകയാണ് വാളറ, ചീയപ്പാറ വെള്ളച്ചാട്ടങ്ങൾ. വെയില് കനത്തതാണ് നീരൊഴുക്ക് കുറഞ്ഞ് വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം അസ്തമിക്കാൻ കാരണം. നേരിയ രീതിയിലാണ് ഇപ്പോള്‍ വെള്ളം ഒഴുകിയെത്തുന്നത്. തൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതി തുടങ്ങിയതോടെ വാളറ വെള്ളച്ചാട്ടവും നഷ്ടമായി. ഇതോടെ എറെ നിരാശയിലാണ് സഞ്ചാരികള്‍.
കൊച്ചി-ധനുഷ്കോടി ദേശീയപാത ഓരത്തുനിന്ന് ഈ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാമെന്നായിരുന്നു എറ്റവും വലിയ ആകര്‍ഷണീയത. മൂന്നാറിലേക്കുള്ള പ്രധാനപാതയും ഇതിലെ ആകുമ്പോള്‍ ഈ ജലപാതങ്ങളില്‍ തിരക്ക് എപ്പോഴും അനുഭവപ്പെടുമായിരുന്നു. വേനല്‍ കനത്തതോടെ ചീയപ്പാറയില്‍ നീര്ചാലുപോലെ ചെറിയ രീതിയില്‍ മാത്രമാണ് വെള്ളം കാണുന്നത്. സാധാരണ ഫെബ്രുവരി അവസാനവാരത്തോടെയാണ് നീരൊഴുക്ക് നിലക്കുന്നതെങ്കില് ഇക്കുറി പുതുവത്സരത്തിന് തന്നെ നീരൊഴുക്ക് കുറയുകയായിരുന്നു.
തിരിച്ചടിയായി കാലവർഷത്തിന്റെ കുറവും വേനലിന്റെ കാഠിന്യവും
ഇക്കുറി കാലവര്‍ഷം കുറയുകയും വേനലിന്റെ കാഠിന്യം നേരത്തേ ആകുകയും ചെയ്തതാണ് ഹൈറേഞ്ചിലെ വെള്ളച്ചാട്ടങ്ങള്‍ക്ക് തിരിച്ചടിയായത്. ഇതോടെ സഞ്ചാരികളടക്കമുള്ളവര്‍ കടുത്ത നിരാശയിലാണ്. തെക്കിന്റെ കശ്മീരായി അറിയപ്പെടുന്ന മൂന്നാറില്‍ സഞ്ചാരികള്‍ക്ക് വിസ്മയക്കാഴ്ചയൊരുക്കുന്ന വെള്ളച്ചാട്ടങ്ങളായിരുന്നു ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍.
വെള്ളമില്ലാതായതോടെ മരുഭൂമികണക്കെ ഒറ്റപ്പെട്ട അവസ്ഥയിലേക്ക് ചീയപ്പാറ മാറുകയും ചെയ്തു. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയിലാണ് ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ സ്ഥിതിചെയ്യുന്നത്. മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ ഇടത്താവളമായിട്ടാണ് വെള്ളച്ചാട്ടങ്ങളും അറിയപ്പെടുന്നത്. വര്‍ഷകാലത്താണ് ജലപാതകള്‍ കൂടുതല്‍ സജീവമാകുന്നത്. കടുത്തവേനലില്‍ നീരൊഴുക്ക് നിലച്ച് വെള്ളച്ചാട്ടങ്ങള്‍ അപ്രത്യക്ഷമാകുമെങ്കിലും അനവധി സഞ്ചാരികള്‍ വേനല്‍ക്കാലത്തും ഇവിടെയെത്താറുണ്ടെന്നത് പ്രത്യേകതയാണ്.
അസൗകര്യങ്ങളാൽ വീർപ്പുമുട്ടി വിനോദസഞ്ചാരമേഖല
ദേശീയപാതയാണെങ്കിലും നിലവില്‍ ഒറ്റവരിപ്പാതയാണ് ഉള്ളത്. പാത രണ്ട് വരിയിലേക്ക് വികസിപ്പിക്കുമ്പോള്‍ ഇവിടെ സഞ്ചാരികള്‍ക്ക് തങ്ങാന്‍ കൂടുതല്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യവും ഉയരുന്നു. വനമേഖലയായതിനാല്‍ വനം, പഞ്ചായത്ത്, ടൂറിസം, ദേശീയപാത വകുപ്പുകള്‍ ചേര്‍ന്ന് പദ്ധതികള്‍ തയാറാക്കി നടപ്പാക്കണം.12 മാസവും ഇവിടെ വെള്ളം കാണത്തക്ക വിധത്തില്‍ പദ്ധതികള്‍ തയാറാക്കിയാല്‍ വന്‍വരുമാനം ഉണ്ടാക്കാന്‍ സാധിക്കും.
അതുപോലെ വെള്ളച്ചാട്ടത്തിന് സമീപം ഗാലറികള്‍ നിര്‍മിച്ചു മോടിപിടിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും വിനോദസഞ്ചാര വകുപ്പ് ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. അപകടങ്ങള്‍ തടയാന്‍ ബോര്‍ഡുകളില്ല. കമ്പിലൈന്‍ മലമുകളില്‍നിന്ന് ഒഴുകിയെത്തുന്ന ചീയപ്പാറ വെള്ളച്ചാട്ടം ദേശീയപാതയെ തൊട്ടുരുമ്മിയാണ് നിലകൊള്ളുന്നത്. ഇതുകൊണ്ട് തന്നെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ ഏറെ സമയം ചെലവഴിക്കാറുണ്ട്. വര്‍ഷകാലങ്ങളില്‍ വന്‍ തോതിലുള്ള വെള്ളമൊഴുക്കാണ് ഇവിടെയുള്ളത്.
വാളറ വെള്ളച്ചാട്ടം ദേശീയപാതയില്‍നിന്നു മാറിയുള്ള കാഴ്ചയാണ് സമ്മാനിക്കുന്നതെങ്കിലും പാതയോരത്തുനിന്ന് ചിത്രങ്ങള്‍ പകര്‍ത്താനെത്തുന്നവരുടെ തിരക്ക് ഏറെയാണ്. വിദേശികള്‍ ഉള്‍പ്പെടെയുള്ളവർ പാറക്കെട്ടുകളിലൂടെ ഇറങ്ങി വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്.ജലവൈദ്യുതി പദ്ധതിക്കായി ദേവിയാര്‍ പുഴയിലെ വെള്ളം കൊണ്ടുപോകുന്നത് വാളറ വെള്ളച്ചാട്ടത്തിന് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

