അടിമാലിയിലും വരയാടുകൾ; കണ്ടെത്തിയത് 50 എണ്ണം
text_fieldsവരയാട്ടുമുടിയില്‍ കണ്ടെത്തിയ വരയാടുകളുടെ കൂട്ടം
അടിമാലി: അടിമാലി റേഞ്ചിലെ വരയാട്ടുമുടിയില്‍ വനം വകുപ്പിന്‍റെ കണക്കെടുപ്പില്‍ 50 വരയാടുകളെ കണ്ടെത്തി. 16 എണ്ണത്തെ കൂട്ടത്തോടെ കണ്ടെത്തുകയും ഇവയുടെ ചിത്രം പകർത്തുകയും ചെയ്തിട്ടുണ്ട്.
വരയാട്ടുമുടി, മുത്തന്‍മുടി എന്നിവിടങ്ങളിൽ സെന്‍സസ് പുരോഗമിക്കുകയാണ്. കണക്കെടുപ്പ് ശനിയാഴ്ച അവസാനിക്കും.
മൂന്നാര്‍ ഇരവികുളം ദേശീയോദ്യാനത്തിലെ രാജമലക്കുശേഷം വരയാടുകളെ കൂട്ടത്തോടെ കണ്ടെത്തിയതും ഇവിടെയാണ്. ഒറ്റപ്പെട്ട നിലയില്‍ മേഖലയില്‍ പലയിടത്തായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത്രയും വരയാടുകള്‍ ഇവിടെ ഉള്ളതായി വിവരം ലഭിച്ചിരുന്നില്ല.
ആദിവാസികള്‍ അഞ്ചു മുതല്‍ പത്തുവരെ വരയാടുകള്‍ കൂട്ടമായി നടക്കുന്നത് കണ്ടതായി വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, കൂട്ടത്തോടെ വനപാലകര്‍ കാണുന്നത് സെന്‍സസ് എടുക്കുന്നതിനിടെയാണെന്ന് അടിമാലി റേഞ്ച് ഓഫിസര്‍ കെ.വി. രതീഷ് പറഞ്ഞു. അടിമാലി റേഞ്ചില്‍ മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഇവിടെ വരയാടുകൾക്ക് വനംവകുപ്പ് അതീവ സംരക്ഷണം നല്‍കി വരുന്നതായും അദ്ദേഹം പറഞ്ഞു.
മേഖലയില്‍ നൂറിന് മുകളില്‍ വരയാടുകള്‍ ഉണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അടിമാലിയില്‍നിന്ന് ചിന്നപ്പാറ, ചൂരക്കട്ടന്‍ ആദിവാസി സങ്കേതങ്ങള്‍ വഴിയാണ് വരയാട്ടുമുടിയില്‍ എത്താവുന്ന എളുപ്പമാര്‍ഗം. വാളറ കുതിരകുത്തി മലയിലൂടെ തേക്കടിച്ചാല്‍ വഴിയും വരയാട്ടുമുടിയില്‍ എത്താം.
മൂന്നാറില്‍ കാണപ്പെടുന്ന വരയാടുകളുടെ അതേ വംശത്തിൽപെടുന്നവയാണ് ഇവിടെയുള്ളത്. മൂന്നാറിലെ വരയാടുകള്‍ പൊതുജനങ്ങളുമായി അടുത്തിട പഴകുമ്പോള്‍ ഇവിടെയുള്ളവ മനുഷ്യരെ കണ്ടാല്‍ പാറക്കെട്ടുകളില്‍ മറയുന്നു. വരയാടുകള്‍ക്ക് പുറമെ കാട്ടാന, മ്ലാവ്, കേഴ, കാട്ടുപോത്ത് മുതലായവയും ഇവിടെ ധാരാളമുണ്ട്. കുതിരകുത്തിമലവരെ വരയാടുകള്‍ സഞ്ചരിച്ച് എത്താറുണ്ട്.
വാളറ മേഖലയിൽ ഏറ്റവും കൂടുതല്‍ വിദൂരദൃശ്യമുള്ള പ്രദേശമാണ് കുതിരകുത്തി. അടിമാലിയിലും വരയാടുകളുടെ സാന്നിധ്യം കണ്ടെത്തിയത് വിനോദസഞ്ചാരമേഖലക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

