വയോധികയെ ആക്രമിച്ച സംഭവത്തിൽ മകെൻറ സുഹൃത്ത് പിടിയിൽ
text_fieldsഅടിമാലി: മോഷണത്തിനിടെ വയോധികയെ ആക്രമിച്ച സംഭവത്തിൽ ഇവരുടെ മകെൻറ സുഹൃത്ത് അറസ്റ്റിൽ. മുക്കുടം അഞ്ചാംമൈൽ വലിയമുറി പ്രസന്നനാണ് (46) രാജാക്കാട് പൊലീസിെൻറ പിടിയിലായത്. തേക്കിൻകാനം ചകിരിയാംകുന്നേൽ ചിന്നമ്മ തോമസിനാണ് (58) ഗുരുതര പരിക്കേറ്റത്.
ഭർത്താവ് മരിച്ച ചിന്നമ്മ കഴിഞ്ഞ നവംബർ മുതൽ കല്ലൂർക്കാടുള്ള ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയാണ്. ഇവരുടെ മകൻ വിൻസെൻറ് അടിമാലി മന്നാംകാലയിലാണ് താമസം. വോട്ടുചെയ്യാൻ ചിന്നമ്മ അഞ്ചിന് രാവിലെ തേക്കിൻകാനത്തെ വീട്ടിലെത്തി. തൊട്ടുപിന്നാലെ മകൻ വിൻസെൻറ്, ഭാര്യ ലീല എന്നിവർക്കൊപ്പം പ്രസന്നനും ഇവിടെയെത്തി. എല്ലാവരും അന്ന് അവിടെ കഴിഞ്ഞു. പിറ്റേന്ന് വിൻസെൻറും കുടുംബവും പ്രസന്നനും അടിമാലി മന്നാംകാലയിലേക്ക് തിരിച്ചുപോയി. തേക്കിൻകാനത്ത് നിന്ന് ഓട്ടോയിലാണ് മൂവരും ആനച്ചാലിൽ എത്തിയത്. തുടർന്ന്, ഒരു സുഹൃത്തിനെ കാണാനുണ്ടെന്നുപറഞ്ഞ് പ്രസന്നൻ അവിടെ ഇറങ്ങി. വഴിച്ചെലവിന് വിൻസെൻറിനോട് 200 രൂപയും കടം വാങ്ങി. തുടർന്ന് ആനച്ചാലിൽനിന്ന് ഓട്ടോ വിളിച്ച പ്രസന്നൻ തേക്കിൻകാനത്ത് തിരിെച്ചത്തി.
ചിന്നമ്മയുടെ വീടിന് താഴെ റോഡിൽ ഓട്ടോ നിർത്തിച്ചശേഷം വേഗം വരാമെന്നുപറഞ്ഞ് പോയി. ചിന്നമ്മയുടെ വീട്ടിലെത്തിയ പ്രസന്നൻ വിൻസെൻറ് ഉൾപ്പെട്ട അടിപിടിക്കേസ് ഒത്തു തീർക്കാൻ പണം വേണമെന്ന് ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ച ചിന്നമ്മയെ വീട്ടിനുള്ളിലേക്ക് തള്ളിയിട്ട ശേഷം കൈയും കാലും തുണികൊണ്ട് കെട്ടുകയും വായിൽ തുണി തിരുകുകയും ചെയ്തു. തുടർന്ന് ചിന്നമ്മയുടെ രണ്ട് പവൻ മാലയും അര പവൻ കമ്മലുകളും അഴിച്ചെടുത്തു. ചിന്നമ്മയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 6000 രൂപയും മൊബൈൽ ഫോണും എടുത്തശേഷം അകത്തെ അലമാര തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന 10,000 രൂപയും 12 ഗ്രാമിെൻറ സ്വർണമാലയും എടുത്തശേഷം കൈയിൽ കിട്ടിയ വാക്കത്തിയുടെ പുറംഭാഗം കൊണ്ട് പ്രസന്നൻ ചിന്നമ്മയുടെ നടുവിൽ അടിച്ചു. ഇതിനുശേഷം പ്രസന്നൻ തിരിച്ച് റോഡിലെത്തി വന്ന ഓട്ടോയിൽതന്നെ മടങ്ങി. ഒരുവിധത്തിൽ കാലിലെ കെട്ടഴിച്ച ചിന്നമ്മ ഇഴഞ്ഞ് സമീപത്തെ വീട്ടിലെത്തി. ഈ വീട്ടിൽ താമസിക്കുന്നവർ പൊലീസിനെ വിവരമറിയിച്ചശേഷം ചിന്നമ്മയെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
സംഭവശേഷം ഒളിവിൽ പോയ പ്രസന്നനെ വ്യാഴാഴ്ച വൈകീട്ട് അടിമാലിയിൽനിന്നാണ് രാജാക്കാട് പൊലീസ് പിടികൂടിയത്. 2200 രൂപയും ഒരു മൊബൈൽ ഫോണും ഇയാളിൽനിന്ന് പിടിച്ചെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങിയശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. വെള്ളത്തൂവലിലെ വീട്ടിൽ മോഷണം നടത്തിയ കേസിൽ എട്ടുമാസം ജയിൽ ശിക്ഷ അനുഭവിച്ച പ്രസന്നൻ രണ്ടുമാസം മുമ്പാണ് പുറത്തിറങ്ങിയത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ ഒരു ഡസനോളം മോഷണക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. സി.ഐ ബി. പങ്കജാക്ഷൻ, എസ്.ഐമാരായ എം.എസ്. ഉണ്ണികൃഷ്ണൻ, സാബു തോമസ്, എ.എസ്.ഐമാരായ ടോമി ജോസഫ്, വി.ബി. അജിമോൻ എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

