ഷാജി വിടവാങ്ങിയത് പിതാവിെൻറ ജീവചരിത്ര പ്രകാശനത്തിന് സാക്ഷിയാകാതെ
text_fieldsേകാനാട്ട് പബ്ലിക്കേഷൻ പുറത്തിറക്കിയ ഒറ്റയാൻ േപാരാളിയെന്ന പുസ്തകം
അടിമാലി: ഒറ്റയാന് പോരാളി മലമുണ്ടയില് തങ്കപ്പെൻറ ജീവചരിത്രത്തിെൻറ പ്രകാശനത്തിന് സാക്ഷിയാകാതെ മകന് ഷാജി വിടവാങ്ങിയത് പുസ്തക പ്രകാശന ചടങ്ങിൽ വിങ്ങലായി.
പൊലീസിെൻറ നീതി നിഷേധത്തിനെതിരെ ജീവിതാവസാനം വരെ പോരാടിയ പിതാവ് തങ്കപ്പെൻറ ജീവചരിത്രം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുക എന്നത് മകൻ ഷാജിയുടെ സ്വപ്നമായിരുന്നു. മലയോര ഗ്രാമമായ വെള്ളത്തൂവലിൽ താമസമാക്കിയ കാലം മുതല്‍ പലപ്പോഴായി തനിക്ക് നീതിനിഷേധം സമ്മാനിച്ച 48 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തങ്കപ്പന് നിയമപോരാട്ടം നടത്തിയിരുന്നു. ഇതില്‍ ജീവനോടെ അവശേഷിച്ച 42പേരെയും സസ്പെന്‍ഡ് ചെയ്യിച്ച പിതാവിെൻറ ചരിത്രമടങ്ങിയ ഓര്മക്കുറിപ്പുകളാണ് വായനദിനത്തില്‍ പ്രകാശനം ചെയ്യാനിരുന്നത്. ഒറ്റയാന് പോരാളി എന്ന പേരില്‍ സാഹിത്യ പ്രവർത്തകനായ സത്യന് കോനാട്ടാണ് 58 പേജടങ്ങിയ പുസ്തകം തയാറാക്കിയത്. പൊലീസ് സേനക്ക് പുറമേ വനംവകുപ്പ്, ധനകാര്യ സ്ഥാപനങ്ങള്‍, വൈദ്യുതി ബോര്‍ഡ് തുടങ്ങി ഒട്ടനവധി വിഭാഗങ്ങളുമായി തങ്കപ്പന് നടത്തിയ നിരന്തര പോരാട്ടങ്ങളുടെ വിജയഗാഥയാണ് ഓര്‍മക്കുറിപ്പുകൾ.
കുടുംബത്തിനുമാത്രമല്ല നാട്ടുകാര്‍ക്ക് സഹായിയായി മാറിയ പിതാവിെൻറ ജീവചരിത്രം ഡോക്യുമെൻററി രൂപത്തിൽ പുറത്തിറക്കണം എന്ന ആഗ്രഹവും ബാക്കിയാക്കിയാണ് ഷാജി ഈമാസം ഏഴിന് ഹൃദയസ്തംഭനം മൂലം മരിച്ചത്.
ഓര്‍മക്കുറിപ്പുകളുടെ പുസ്തകം അച്ചടി പൂര്‍ത്തിയാക്കി വീട്ടില്‍ എത്തിച്ച ശേഷമായിരുന്നു അന്ത്യം. ഷാജിയുടെ ആഗ്രഹംപോലെ വായനദിനത്തില്‍ സത്യൻ കോനാട്ട് പുസ്തകത്തിെൻറ പ്രകാശനം നിര്‍വഹിച്ചു. പ്രീത് ഭാസ്കര്‍ പുസ്തകം ഏറ്റുവാങ്ങി. പൊലീസ് മര്‍ദന പരമ്പര തുടരുമ്പോഴും അവര്‍ക്കെതിരെ പേന ആയുധമാക്കി ഹൈകോടതിയില്പോലും തനിയെ വാദിച്ച് വിജയിച്ച തങ്കപ്പന് 2017 ജൂലൈ 22ന് മരണപ്പെട്ടു. യുക്തിവാദ പ്രചാരകനായിരുന്ന തങ്കപ്പെൻറ മൃതദേഹം അദ്ദേഹത്തിെൻറ ആഗ്രഹപ്രകാരം മെഡിക്കല്‍ കോളജ് വിദ്യാർഥികൾക്ക് കൈമാറി.