മത്തായിക്ക് ഇതൊന്നും ആക്രിയല്ല, അമൂല്യ നിധി ശേഖരിച്ച പുരാവസ്തുക്കൾകൊണ്ട് മ്യൂസിയം സജ്ജീകരിക്കാൻ ഒരുക്കം
text_fieldsആക്രിയിൽനിന്ന് ശേഖരിച്ച പുരാവസ്തുക്കൾ പരിശോധിക്കുന്ന
മത്തായി
അടിമാലി: രാജാക്കാട്ടെ ആക്രിവ്യാപാരിയാണ് പുയ്യക്കൽ മത്തായി. പക്ഷേ, വെറുമൊരു ആക്രിക്കച്ചവടക്കാരനല്ല; മുന്നിലെത്തുന്ന ആക്രിസാധനങ്ങളിൽനിന്ന് അമൂല്യമായത് പലതും കണ്ടെടുക്കുന്നു. പോയകാലത്തിന്റെ ചരിത്രം തുടിക്കുന്ന ശേഷിപ്പുകളായി അത് നിധിപോലെ സൂക്ഷിച്ചുവെക്കും. മറ്റുള്ളവർ ആക്രിയെന്ന് പറഞ്ഞ് ഉപേക്ഷിക്കുന്ന പലതും മത്തായിയുടെ കണ്ണിൽ ചരിത്രപ്രാധാന്യമുള്ള പുരാവസ്തുക്കളാണ്. അങ്ങനെ ശേഖരിച്ച പുരാവസ്തുക്കൾകൊണ്ട് വരുംതലമുറക്ക് മ്യൂസിയം സജ്ജീകരിക്കാനുള്ള ഒരുക്കത്തിലാണ് മത്തായി.
ആക്രിസാധനങ്ങൾ വന്നാൽ വെറുതെ അലക്ഷ്യമായി കൂട്ടിയിടുകയല്ല മത്തായിയുടെ രീതി. ദിവസവും തന്റെ ആക്രിവ്യാപാര സ്ഥാപനത്തിലെത്തുന്ന സാധനങ്ങൾക്കിടയിൽ മത്തായി ഏറെ നേരം ശ്രദ്ധയോടെ തിരയും. അദ്ദേഹത്തിന് വിലപ്പെട്ടതായി അതിൽ എന്തെങ്കിലും ഉണ്ടാകും. പലരും വിലകൽപിക്കാതെ വീട്ടിൽനിന്ന് ഒഴിവാക്കിയ വസ്തുക്കളിൽനിന്ന് അങ്ങനെ ഒരുപാട് ചരിത്രവസ്തുക്കൾ ശേഖരിച്ചിട്ടുണ്ട്. രാജഭരണ കാലത്തിന്റെ അടയാളങ്ങളായ പലതും മത്തായിയുടെ പുരാവസ്തു ശേഖരത്തിലുണ്ട്. രാജസന്ദേശങ്ങൾ സുരക്ഷിതമായി കൈമാറാന്‍ ഉപയോഗിച്ചിരുന്ന ലോഹ നിർമിത കവചം, പഴയ കാലത്തെ കത്തികള്‍, മുറുക്കാന്‍ ചെല്ലം, ചുണ്ണാമ്പ് പാത്രം, ചെമ്പ് ഗ്ലാസുകൾ, കത്തോലിക്ക പള്ളികളിലേക്ക് തിരുവോസ്തി നിർമിച്ചിരുന്ന അച്ച് എന്നിവ അതിൽ ചിലത് മാത്രം.
പിച്ചള കിണ്ണമടക്കം പുരാവസ്തുക്കൾക്ക് പതിനായിരങ്ങളും അതില്‍ കൂടുതലും വില പറഞ്ഞ് പലരും വരുന്നുണ്ടെങ്കിലും അതൊന്നും വിൽക്കാൻ മത്തായിക്ക് താൽപര്യമില്ല. കാരണം അവയെല്ലാം അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത സമ്പാദ്യമാണ്. തന്റെ ആക്രിക്കടയോട് ചേർന്നുള്ള പ്രത്യേക കാബിനിൽ സി.സി ടി.വി കാമറ നിരീക്ഷണത്തിലാണ് പുരാവസ്തുക്കൾ സൂക്ഷിക്കുന്നത്. ഇവയുടെ ചരിത്രപ്രാധാന്യം രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും വിദ്യാർഥികള്‍ക്കും ഗവേഷകർക്കും പൊതുജനങ്ങൾക്കും നേരിട്ടെത്തി കാണാനും പഠിക്കാനും അവസരമൊരുക്കണമെന്നുമാണ് മത്തായിയുടെ ആഗ്രഹം. ഇതിനായി കടയോട് ചേർന്നുതന്നെ ചെറിയൊരു മ്യൂസിയം ഒരുക്കാനാണ് ആലോചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

