വിദ്യാർഥികളുടെ സുരക്ഷിത യാത്ര: ബസുകളിൽ പരിശോധന തുടരുന്നു
text_fieldsrepresentation image
അടിമാലി: വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പ് വരുത്തുന്നതിനായി മോട്ടോർ വാഹന വകുപ്പ് സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന തുടരുന്നു. ദേവികുളം സബ് ആർ. ടി. ഓഫിസിന് കീഴിൽ 50 സ്കൂളുകളാണുള്ളത്. ഈ സ്കൂളുകളുടെ വാഹനങ്ങൾ എല്ലാം പരിശോധനക്ക് വിധേയമാക്കി തുടങ്ങി. ടയർ മുതൽ വൈപ്പർ വരെയും എൻജിൻ മുതൽ സീറ്റുകൾ വരെയും കൃത്യമായി പരിശോധിച്ച് സർവീസ് നടത്താൻ യോഗ്യമാണെന്ന് പരിശോധനയിൽ ഉറപ്പ് വരുത്തും.
ബ്രേക്ക്, ലൈറ്റ്, ഇൻഡിക്കേറ്റർ, ജി. പി. എസ്, വേഗപ്പൂട്ട്, വാതിലുകൾ തുടങ്ങി സമഗ്രമായ പരിശോധനയാണ് നടക്കുക. 50 കിലോമീറ്റർ വേഗപരിധി ലംഘിക്കരുതെന്ന് സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകുന്നുണ്ട്. വാഹനത്തിൽ കൃത്യമായി രജിസ്റ്റർ സൂക്ഷിക്കണമെന്നും വിദ്യാർഥികൾ കയറുന്നതിനും, ഇറങ്ങുന്നതിനും ആയയുടെ സേവനം ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഫിറ്റ്നസ് ലഭിക്കാത്ത വാഹനങ്ങളിൽ വിദ്യാർത്ഥികളെ കയറ്റാൻ അനുവദിക്കില്ല. സ്കൂൾ ഡ്രൈവർമാർക്കായി കഴിഞ്ഞ വ്യാഴാഴ്ച ബോധവത്കരണ ക്ലാസ് നടത്തിയിരുന്നു. ദേവികുളം താലൂക്കിന്റെ ഭൂപ്രകൃതി പരിഗണിച്ച് മറയൂർ, മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ മൂന്ന് ദിവസങ്ങളായാണ് പരിശോധന നടത്തുന്നത്. പരിശോധനയിൽ എം.വി.ഐമാരായ ഫ്രാൻസിസ് എസ്, ദീപു എൻ. കെ. എ.എം.വി.ഐമാരായ അബിൻ ഐസക്, അജിത് കുമാർ ബി. എന്നിവർ പങ്കെടുത്തു.