സച്ചിൻ ഇടുക്കിയുടെ ഹീറോ, കേരളത്തിന്റെയും
text_fieldsസച്ചിൻ ബേബി
അടിമാലി: അടിമാലിക്കാരൻ സച്ചിൻ ബേബിയാണ് ഇപ്പോൾ ഇടുക്കിയുടെ ഹീറോ. സെഞ്ച്വറിക്ക് രണ്ട് റൺസലെ വീണെങ്കിലും കേരളത്തെ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലിൽ എത്തിച്ച നായകനെയോർത്ത് അഭിമാനം കൊള്ളുകയാണ് അടിമാലിയും ഇടുക്കിയും. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിനോടുള്ള ആരാധന മൂത്തായിരുന്നു മാതാപിതാക്കൾ മകന് സച്ചിൻ ബേബിയെന്ന് പേരിട്ടത്. ആ വിശേഷണം അന്വർഥമായി. കേരളത്തിന്റെ സച്ചിൻ തെണ്ടുൽക്കറായി ബേബി കേരള ടീമിനെ ഫൈനൽ വരെയെത്തിച്ചു.
സ്കോർ 98ൽ നിൽക്കെ സിക്സർ അടിച്ച് സെഞ്ച്വറി തികയ്ക്കാനുള്ള സച്ചിന്റെ ശ്രമം ബൗണ്ടറിക്കരികിലെ ക്യാച്ചിൽ അവസാനിക്കുകയായിരുന്നു. തന്റെ നൂറാം മത്സരത്തിൽ സെഞ്ച്വറി തികയ്ക്കാനായില്ലെങ്കിലും ടീമിന്റെ ടോപ് സ്കോററായാണ് സച്ചിൻ മടങ്ങിയത്. സച്ചിൻ പുറത്താകുന്നതുവരെ കേരളം ലീഡ് പിടിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു
ആഭ്യന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കേരള താരമാണ് സച്ചിൻ (10,941 റൺസ്). 36കാരനായ സച്ചിൻ 2009ലെ രഞ്ജി ട്രോഫിയിലാണ് അരങ്ങേറിയത്. അടിമാലി വിശ്വദീപ്തി, എസ്.എൻ.ഡി.പി സ്കൂളുകളിലായിരുന്നു വിദ്യാഭ്യാസം. അടിമാലി മച്ചിപ്ലാവ് മാറാച്ചേരി പുത്തയത്ത് കുടുംബാംഗവും എൽ.ഐ.സി ഏജൻറുമായ പി.സി ബേബിയുടെയും ആരോഗ്യ വകുപ്പിൽ നിന്ന് വിരമിച്ച ലില്ലിയുടെയും മൂന്ന് മക്കളിൽ മൂത്ത മകനാണ് സചിൻ.
അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിലെത്തിയതോടെയാണ് സച്ചിൻ ബേബിയുടെ ക്രിക്കറ്റ് ഭാവി അധ്യാപകർ കണ്ടെത്തിയത്. 10ാം വയസ്സിൽ തന്നെ സ്കൂൾ ടീമിന്റെ ക്യാപ്റ്റനായി. ജില്ല ക്രിക്കറ്റ് അസോസിയേഷൻ 2001ൽ തൊടുപുഴ ന്യൂമാൻ കോളേജിൽ അണ്ടർ 13 ജില്ല ടീം തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ സച്ചിൻ ബേബിയെ അമ്മ ലില്ലികുട്ടിയായിരുന്നു എത്തിച്ചത്.
300ലധികം കുട്ടികളിൽ നിന്ന് 25 അംഗ ടീമിനെ തെരഞ്ഞെടുത്തപ്പോൾ ഒന്നാം പേരുകാരനായത് സച്ചിൻ ബേബിയാണ്. അന്ന് ജില്ല ടീം ക്യാപ്റ്റനുമായി. പിന്നീട് അണ്ടർ 13 കേരള ടീമിൽ അംഗമായി. തുടർന്ന് ഓരോ കാറ്റഗറിയിലും സച്ചിൻ ബേബി സ്ഥിര സാന്നിധ്യമായി മാറി. ഒടുവിൽ ചരിത്രമെഴുതിയ കേരള ടീമിന്റെ നായകനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

