വികസനത്തിന് മണ്ണ് നീക്കിയത് വിനയായി; റോഡ് അപകടാവസ്ഥയിൽ
text_fieldsഉടുമ്പൻചോല - -രണ്ടാംമൈൽ റോഡിന്റെ നിർമാണത്തിനായി വശത്തെ മണ്ണെടുത്തപ്പോൾ അപകടാവസ്ഥയിലായ കുഞ്ചിത്തണ്ണി പള്ളി റോഡ്
അടിമാലി: ഉടുമ്പൻചോല - രണ്ടാംമൈൽ റോഡ് നിർമാണത്തിനായി വശത്തെ മണ്ണെടുത്തപ്പോൾ അപകടാവസ്ഥയിലായ കുഞ്ചിത്തണ്ണി പള്ളി റോഡിന് സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യം ശക്തമായി. കുഞ്ചിത്തണ്ണി പള്ളി റോഡിന് ആരംഭ ഭാഗമായ കുഞ്ചിത്തണ്ണി പാലത്തിന് സമീപത്താണ് അടിയന്തരമായി സംരക്ഷണഭിത്തി നിർമിക്കേണ്ടത്. ഉടുമ്പൻചോല - രണ്ടാംമൈൽ
റോഡിന് വേണ്ടി വീതി കൂട്ടി മണ്ണെടുത്തപ്പോൾ പള്ളി റോഡിന് സംരക്ഷണഭിത്തി നിർമിച്ച് നൽകാമെന്ന് റോഡ് കരാറുകാരൻ പറഞ്ഞിരുന്നതാണ്. എന്നാൽ കുരിശുപള്ളിയോട് ചേർന്ന കുറച്ച് സ്ഥലത്ത് മാത്രം സംരക്ഷണഭിത്തി നിർമിച്ച് നിർത്തി കരാറുകാരൻ തലയൂരുകയായിരുന്നു. മഴക്കാലമായതോടെ വശമിടിഞ്ഞ് പള്ളി റോഡ് തന്നെ ഇല്ലാതാകുന്ന സാഹചര്യമാണ്. തിരുകുടുംബ ഫൊറോന ദേവാലയം, ഹോളി ഫാമിലി പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലേക്ക് കുഞ്ചിത്തണ്ണിയിൽ നിന്നുള്ള ഏക റോഡ് കൂടിയാണിത്. അടിയന്തരമായി സംരക്ഷണഭിത്തി നിർമിക്കുന്നതിനുള്ള നടപടികൾ കരാറുകാരൻ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

