ഈര്‍ക്കിലിയിൽ വിരിയുന്ന വിസ്മയം
text_fieldsഈർക്കിലിയിൽ നിർമിച്ച ദിനോസറിനൊപ്പം രാജേഷ്
അടിമാലി: ഈർക്കിലിയിൽ കരകൗശലത്തിന്റെ വിസ്മയം വിരിയിച്ച് ശ്രദ്ധേയനാവുകയാണ് കൊന്നത്തടി സ്വദേശി രാജേഷ്. കപ്പല്‍ മുതല്‍ ദിനോസർ വരെയാണ് രാജേഷ് ഇതിനകം ഈര്‍ക്കിലികൊണ്ട് നിര്‍മിച്ചത്. കൊന്നത്തടി കരിമല പാറക്കല്‍ രാജേഷ് വര്‍ഷങ്ങളായി പാഴ്വസ്തുക്കളില്‍നിന്ന് മനോഹര കരകൗശലവസ്തുക്കള്‍ മെനഞ്ഞെടുക്കുന്നതിൽ ആരെയും അത്ഭുതപ്പെടുത്തുന്നു.
ഈര്‍ക്കിലികൊണ്ട് മുറ്റം തൂത്തുവൃത്തിയാക്കുന്നതിനിടെ ഇത് എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന ചിന്തയില്‍നിന്നാണ് പുതിയ പരീക്ഷണത്തിലേക്ക് രാജേഷ് തിരിഞ്ഞത്. പിന്നീട് ഈര്‍ക്കിലി ഉപയോഗിച്ച് ദിനോസറും കപ്പലും ക്ഷേത്രരൂപങ്ങളുമൊക്കെ നിർമിച്ചു. ഒരുതരത്തിലെ പരിശീലനവും ഇല്ലാതെയാണ് കരകൗശലവസ്തുക്കള്‍ നിര്‍മിക്കുന്നത്. കര്‍ഷകനായ ഇദ്ദേഹം ഒഴിവുസമയങ്ങളാണ് കരകൗശലവസ്തു നിര്‍മാണത്തിന് മാറ്റിവെക്കുന്നത്.
20 വര്‍ഷം മുമ്പാണ് ഈർക്കിലികൊണ്ടുള്ള കരകൗശല നിർമാണത്തില്‍ കമ്പം തോന്നിയത്. മുളയും മരങ്ങളുടെ വേരുകളും ഉപയോഗിച്ചായിരുന്നു ആദ്യമൊക്കെ നിര്‍മാണം. പിന്നീട് ഈര്‍ക്കിലിയിലേക്ക് തിരിഞ്ഞു.
രാജേഷ് ഈര്‍ക്കിലിയില്‍ നിര്‍മിച്ച ഏറുമാടവും വീടും ഗരുഡനും കപ്പലും ദിനോസറുമെല്ലാം ഏറെ ശ്രദ്ധേയമാണ്. പത്തടി നീളവും അഞ്ചടി പൊക്കവുമുള്ള ദിനോസര്‍ നിര്‍മിക്കാന്‍ ഒരു വര്‍ഷത്തോളം വേണ്ടിവന്നു. തന്റെ കരകൗശലവസ്തു നിർമാണത്തിന് കുടുംബാംഗങ്ങള്‍ പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്നും രാജേഷ് പറയുന്നു.

